maniyan-pilla-raju

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യധാന്യ കിറ്റ് പാവപ്പെട്ട ആർക്കെങ്കിലും കിട്ടിക്കോട്ടെ എന്നു കരുതി ഓൺലൈനിൽ സമ്മതപത്രം നൽകിയ ചലച്ചിത്ര നടൻ മണിയൻപിള്ള രാജു അതിനുപിന്നാലെ ഭക്ഷ്യമന്ത്രി വീട്ടിലെത്തുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.

മന്ത്രി വരുന്നുവെന്ന് അറിയിച്ചപ്പോൾ എന്താ വിശേഷമെന്ന് തലപുകയ്ക്കുകയായിരുന്നു.

ഇന്നലെ രാവിലെ കവടിയാറിലെ വീട്ടിലെത്തി മന്ത്രി അഭിനന്ദനം അറിയിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. വന്നതിന്റെ പിന്നിലെ ഉദ്ദേശ്യവും മന്ത്രി വെളിപ്പെടുത്തി.

ഈ മാതൃക മറ്റുള്ളവർക്ക് പ്രചോദനമാണ്. താൻ ചെയ്തത് സഹായമാണെന്ന് അറിഞ്ഞപ്പോൾ മണിയൻപിള്ള രാജുവിനും സന്തോഷമായി. 16 ഇനം ഭക്ഷ്യസാമഗ്രികൾ അടങ്ങിയതാണ് കിറ്റ്.

സർക്കാർ സൗജന്യമായി നൽകുന്ന റേഷനരി അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു. ഇത്രയും നല്ല അരി പ്രതീക്ഷിച്ചില്ലെന്ന് നടന്റെ കമന്റ്.

മന്ത്രിക്കൊപ്പം പ്രൈവറ്റ് സെക്രട്ടറി ഇ. ആർ. ജോഷി, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ അനിൽ ഗോപിനാഥ്, പി.പി. മധു എന്നിവരുമുണ്ടായിരുന്നു.

കിറ്റ് സംഭാവന ചെയ്യാൻ

സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ 'ഡൊണേറ്റ് മൈ കിറ്റ് ' ലിങ്കിൽ ക്ലിക്ക് ചെയ്ത് കാർഡ് നമ്പർ നൽകിയാൽ ഒ.ടി.പി ലഭിക്കും.അത് എന്റർ ചെയ്താൽ കിറ്റ് സംഭാവന ചെയ്യാനാകും.