ശ്രീകാര്യം: ലോക്ക് ഡൗണിൽ വലയുന്നവർക്ക് പഴം, പച്ചക്കറി, കിഴങ്ങുവിളകളുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ ഹോംസ് ആപ്പുമായി ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം. കാർഷിക ഉത്പാദകരെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഓൺലൈൻ സംവിധാനമാണ് സി.ടി.സി.ആർ.എയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്തോഷ് മിത്ര വികസിപ്പിച്ചത്. പുറത്തിറങ്ങാൻ സാധിക്കാതെ നട്ടം തിരിയുന്നവർക്ക് അവശ്യസാധനങ്ങൾ തൊട്ടടുത്ത് വാങ്ങാനും വിൽക്കാനും സൗകര്യമൊരുക്കുന്ന ഓൺലെെൻ സംവിധാനം ഇരുകൂട്ടർക്കും ഉപയോഗപ്രദമാകുമെന്നാണ് അധികൃതർ പറയുന്നത്. ഹോർട്ടി കൾച്ചർ ക്രോപ്‌സ് ഓൺലൈൻ മാർക്കറ്റിംഗ് സിസ്റ്റം എന്നാണ് ഹോംസ് ആപ്പിന്റെ പൂർണരൂപം. http//www.ctcritools.in/homs എന്ന വിലാസത്തിൽ ആപ്പ് ലഭിക്കും. കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ( http//www.org/mobile Apps/homs. apk) മൊബൈൽ വേർഷൻ ഡൗൺലോഡ് ചെയ്യാം. ആപ്പ് ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്‌റ്റോറിലും ലഭ്യമാക്കുമെന്ന് ഗവേഷണേന്ദ്രം അധികൃതർ പറഞ്ഞു.
വില്പനയ്ക്കുള്ളവ അപ്ഡേറ്റ് ചെയ്യാം
വില്പനയ്ക്കുള്ള ഉത്പന്നങ്ങളുടെ വിവരങ്ങൾ ആപ്പിൽ ഉത്പാദകന് അപ്ഡേറ്റ് ചെയ്യാം. അതായത് ഏത് പച്ചക്കറി, പഴവർഗം, അളവ്, സ്ഥലം, മൊബൈൽ നമ്പർ, മേൽവിലാസം എന്നിവ നൽകി സബ്മിറ്റ് ചെയ്‌താൽ രേഖപ്പെടുത്തിയ വിവരങ്ങൾ വിപണനയിടത്തിൽ ദൃശ്യമാകും.
വാങ്ങാനുള്ളവ സബ്മിറ്റ് ചെയ്യാം
ഉപഭോക്താവിന് താൻ വാങ്ങാനുദ്ദേശിക്കുന്ന ഉത്പന്നങ്ങൾ ഓൺലൈനായി സബ്മിറ്റ് ചെയ്യാം. ഉത്പാദകനും ഉപഭോക്താവും ഈ വിവരങ്ങൾ നേരിട്ട് കണ്ടശേഷം ഫോൺവഴിയോ സോഷ്യൽ മീഡിയ വഴിയോ ബന്ധപ്പെട്ട് വിലയും ഡെലിവറിയും അടക്കമുള്ള തുടർ നടപടികൾ സംസാരിക്കാം.
വില നിർണയത്തിലോ ഡെലിവറിയിലോ സ്ഥാപനത്തിന് പങ്കില്ല
രണ്ടും ഉപഭോക്താവും ഉത്പാദകനും നേരിട്ട്
രജിസട്രേഷൻ മൊബൈൽ നമ്പർ വഴി
ആപ്പിൽ മെസേജുകൾ അയയ്ക്കാൻ അംഗത്വം നിർബന്ധമില്ല
ആപ്പ് മലയാളത്തിലും ഇംഗ്ലീഷിലും ഉപയോഗിക്കാം