photo-1

പാലോട്: ലോക്ക് ഡൗണിനെ തുടർന്ന് അതിർത്തികളിലെ റോഡുകൾ അടഞ്ഞപ്പോഴും പച്ചക്കറി ലോറികൾ പല സ്ഥലത്തും തടഞ്ഞിട്ടപ്പോഴും നന്ദിയോട് പച്ച കൊപ്പം ശരവണഭവനിൽ രാജേശ്വരി അതൊന്നും കൂസാക്കാതെ ജോലിയിൽ വ്യാപൃതയായിരുന്നു. കാരണം തന്റെ ജോലിക്ക് അതൊന്നും ബാധകമല്ലെന്ന കാര്യം അവർക്ക് അറിയാം. കഴിഞ്ഞ 15 വർഷമായി വീടിന്റെ പരിസരത്ത് ജൈവപച്ചക്കറി കൃഷി നടത്തി വരുമാനമുണ്ടാക്കുന്ന വീട്ടമ്മയാണ് രാജേശ്വരി. മലയാളിയുടെ അടുക്കളയിൽ ഇന്നുവരെയില്ലാത്ത പ്രതിസന്ധിയുണ്ടായ ഈ സമയത്തും നിരവധി പേർക്ക് വിഷം തീണ്ടാത്ത പച്ചക്കറി നൽകി മാതൃകയാകുകയാണ് ഈ അമ്പത്താറുകാരി. അഞ്ച് വർഷം മുൻപ് ഗൾഫിലെ ജോലി മതിയാക്കിയെത്തിയ ഭർത്താവ് വിജയനും കോളേജ് വിദ്യാർത്ഥിയായ മകൾ ശരണ്യയും സഹായത്തിനുണ്ട് ഈ അടുക്കളത്തോട്ടത്തിൽ. പട്ടാളക്കാരനായ മകൻ ശരൺ ഇപ്പോൾ ഹൈദരാബാദിലാണ്. ഗ്രാമാമൃതം എന്ന സഹകരണ സംഘം വഴിയും, കൃഷിഭവൻ മുഖേനയും നൂറോളം അംഗങ്ങളുള്ള സ്വദേശി കാർഷിക വിപണി എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പും വഴിയും ഇവർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വിൽക്കുന്നുണ്ട്. പൂക്കൾ ചാലയിൽ നിന്നുള്ള വ്യാപാരികൾ ഒാർഡർ നൽകി വാങ്ങിക്കൊണ്ടുപോകുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഈ വീട്ടമ്മയുടെ കൃഷി ജീവിതം നഷ്ടത്തിലല്ല. പയറു വർഗത്തിൽ പെട്ട ചെറുവിത്തുകൾ മുളപ്പിച്ച് ഇലവരുമ്പോൾ കറിക്കായി ഉപയോഗിക്കുന്ന മൈക്രോ ഗ്രീൻസ് പദ്ധതിയും ഇവരുടെ കൃഷിയിടത്തിലുണ്ട്. നന്ദിയോട് പഞ്ചായത്തിന്റെ ഏറ്റവും നല്ല മാതൃകാ അടുക്കളത്തോട്ടത്തിനുള്ള അവാർഡ് 2019ൽ ലഭിച്ചത് രാജേശ്വരിക്കാണ്. ഇതോടൊപ്പം കോഴിവളർത്തലും നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകുന്നത് ഇവരുടെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്.

ഈ ലോക്ക് ഡൗൺ കാലത്ത് കൃഷിയിലൂടെ എങ്ങനെ വരുമാനം നേടാൻ കഴിയുമെന്ന് അന്വേഷിക്കുന്നവർക്ക് ഒരു ഉദാത്ത മാതൃകയാണ് ഈ വീട്ടമ്മ.

പച്ചക്കറിയും പൂക്കളും

കാബേജ്, കത്തിരി, സ്ട്രോബറി, വഴുതന, ചെറുകിഴങ്ങ്, ചീര, അഗസ്തി ചീര, വെണ്ട, ചേന എന്നിവയോടൊപ്പം കുറ്റിമുല്ല, പലയിനം ഓർക്കിഡുകൾ, സൂര്യകാന്തി, മുല്ല, വിവിധയിനം അലങ്കാര പുഷ്പങ്ങൾ എന്നിവയും ഇവർ കൃഷി ചെയ്യുന്നുണ്ട്.