ved

ലക്നൗ: കോവിഡിനെ തുരത്താൻ ആകാശത്തേക്ക് വെടിയുതിർത്ത ബി.ജെ.പി വനിതാ നേതാവ് വിവാദത്തിൽ. ഉത്തർപ്രദേശിലെ ബൽറാംപുരിൽ നിന്നുള്ള മഞ്ജു തിവാരിയാണ് വെടിയുതിർത്ത് വിവാദ നായികയായത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഐക്യത്തിന്റെ അടയാളമായി വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനു പിന്നാലെയാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിളക്കുകൾ കത്തിച്ച് കോവിഡ് വൈറസിനെ അകറ്റുക എന്ന അടിക്കുറിപ്പോടെ മഞ്ജു തന്നെയാണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.കൈത്തോക്ക് ആകാശത്തേക്ക് ഉയർത്തി മഞ്ജു വെടിയുതിർക്കുന്നത് വ്യക്തമായി കാണാം. വീട്ടിൽ വിളക്കുകൾ കത്തിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മഞ്ജുവിന്റെ ഭർത്താവ് ഓം പ്രകാശിന്റേതാണ് തോക്ക്.
വീഡിയോ പുറത്തുവന്നതോടെ കടുത്ത വിമർശനവുമായി നിരവധിപേർ രംഗത്തെത്തി. മഞ്ജുവിന്റേത് തരംതാണ പ്രവൃത്തിയായിപ്പോയെന്നാണ് ഭൂരിപക്ഷത്തിന്റെയും പ്രതികരണം. സെലിബ്രിട്ടി ഫയറിംഗിന് നിരോധനമുള്ള ഉത്തർപ്രദേശിൽ മഞ്ജുവിനെതിരെ നടപടി സ്വീകരിക്കാത്തതിലും വിമർശനമുയരുന്നുണ്ട്.