mk-

കാലം 1968. റേഡിയോയിൽ സുന്ദരമായൊരു പാട്ട് കേട്ട് കിടക്കുയാണ് ഞാൻ.

''മാനത്തിൻ

മുറ്റത്ത് മഴവില്ലാലഴകെട്ടും

മധുമാസ സന്ധ്യകളേ..." സിനിമ ഏതെന്നറിയാൻ ആർ.കെ.ശേഖറിനെ വിളിച്ചു ചോദിച്ചു. ദേവരാജൻ മാസ്റ്ററുടെ ഒരു പാട്ട് കേട്ടു. 'മാനത്തിൻ മുറ്റത്ത്...' ഇത് ഏത് പടമാണ്?​ 'അത് മാസ്റ്ററുടെ ഹാർമോണിസ്റ്റ് അർജ്ജുനന്റെ ട്യൂൺ ആണ് തമ്പി,​ ചിത്രം കറുത്ത പൗർണമി ' എന്നായിരുന്നു മറുപടി. എനിക്ക് അദ്ഭുതമായി. പാട്ടുകളുടെ ഡിസ്ക് വാങ്ങി വീണ്ടും വീണ്ടും കേട്ടു.'പൊൻ കിനാവിൻ പുഷ്പരഥത്തിൽ,​ ഹൃദയമുരുകി നീ കരയില്ലെങ്കിൽ... എന്നീ പാട്ടുകളും അതിമനോഹരം. പി.ഭാസ്കരന്റെ വരികൾ. യേശുദാസ്,​ എസ്.ജാനിക,​ ബി. വസന്ത എന്നിവർ പാടിയ ഏഴ് ഗാനങ്ങൾ. പക്ഷേ,​ സിനിമ പരാജയപ്പെട്ടതു കാരണം പാട്ടുകൾ ആ സമയത്ത് ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ,​ പിന്നീട് വൻ ഹിറ്റായി.

‍ഗണേശ് പിച്ചേഴ്സിന്റെ പുതിയ ചിത്രത്തിൽ എം.കെ.അർജ്ജുനനെ വിളിക്കണമെന്ന നിർദേശം ‌‌‌‌‌ഞാൻ നിർമ്മാതാക്കളുടെ മുന്നിൽ വച്ചു. എതിരഭിപ്രായം ഉണ്ടായെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങനെ ചെയ്ത പടമാണ് 'റസ്റ്റ് ഹൗസ്'. അന്നെനിക്ക് 29 വയസ്, അദ്ദേഹത്തിന് 33.

റസ്റ്റ് ഹൗസിലെ എട്ട് ഗാനങ്ങളും ഹിറ്റായി. പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു...,​ പാടാത്തവീണയും പാടും...,​​ യദുകുല രതിദേവനെവിടെ... മലയാളികൾ നെഞ്ചേറ്റിയ ഗാനങ്ങൾ. അന്നുമുതൽ ശ്രീകുമാരൻ തമ്പി- അർജ്ജുനൻ ടീമുണ്ടായി. ഞങ്ങളൊരുമിച്ചപ്പോൾ 400 പാട്ടുകൾ പിറന്നു.

വരിയും താളവും ലയിക്കും പോലെ ഞാനും മാസ്റ്ററും ഒന്നായി ലയിക്കുമായിരുന്നു ഓരോ പാട്ടിലും. എന്റെ ഈണം എന്തെന്ന് അദ്ദേഹം ഗ്രഹിക്കുമായിരുന്നു. പിന്നെ താളം മാറ്റുമ്പോൾ ഒന്നോ രണ്ടോ വാക്കുകൾ അധികം വേണ്ടിവരും. അപ്പോൾ എന്നെ വിളിക്കും. രണ്ടു വാക്കുൾ കൂടി തരാമോ?​ എന്നു ചോദിക്കുമ്പോഴേ പാടിക്കൊടുക്കും.

വരികൾക്ക് സംഗീതം ചേർത്ത് എന്നെ കേൾപ്പിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടേ സംവിധായകനെ കേൾപ്പിക്കൂ. അല്ലാതെ മ്യൂസിക് വേറെ വരികൾ വേറെ എന്ന നിലപാടില്ല. നമ്മൾ ഒന്നാണ്,​ നമ്മുടെ പാട്ടും ഒന്നാണ് - ഇതായിരുന്നു അദ്ദേഹത്തിന്റെ പോളിസി. അങ്ങനെയൊരു സംഗീത സംവിധായകൻ അർജ്ജുനൻ മാഷ് മാത്രമേയുള്ളൂ.

ശരിക്കു പറഞ്ഞാൽ ദൈവം പോലൊരു മനുഷ്യൻ. ആരെ കുറിച്ചും മോശമായി പറയില്ല. ആരും ശത്രുക്കളില്ല.

തന്റെ തുടക്കത്തെപ്പറ്റി എപ്പോഴും ബോധമുണ്ടായിരുന്ന ആളാണ്. ഒരു അനാഥാലയത്തിലാണ് വള‌ർന്നത്. അവിടെ നിന്നാണ് സംഗീതം പഠിച്ചത്. ഈ അടുത്ത കാലത്ത് കണ്ടപ്പോൾ ജീവിതത്തിലെ ഉയർച്ചത്താഴ്ചകളെ കുറിച്ച് സംസാരിച്ചപ്പോൾ അനാഥനായ ഞാൻ ഇതുവരെ എത്തിയില്ലേ എന്നാണ് പറഞ്ഞത്.

അവാർഡ് വൈകിയതിൽ ലജ്ജിക്കണം

'എം.കെ. അർജുനൻ സിനിമയിൽ വന്ന് 50 വർഷം കഴിഞ്ഞാണ് സംസ്ഥാന അവാർഡ് നൽകിയത്. നാണിക്കണം, ലജ്ജിക്കണം സർക്കാരും കേരളവും. അദ്ദേഹത്തിന്റെ ഏഴയലത്ത് നിൽക്കാൻ യോഗ്യതയില്ലാത്തവർ അവാർഡുകൾ വാങ്ങിപ്പോയി. അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ല. ഒടുവിൽ എന്റെ വരികൾക്ക് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത് ദൈവത്തിന്റെ നിയോഗമാണ്. രണ്ടു മാസത്തിനുള്ളിൽ മൂന്നു തവണ അദ്ദേഹത്തെ കണ്ടു. കൊച്ചുമോൾ കാവ്യ പാട്ടിനൊത്ത് ഡാൻസ് ചെയ്തു. പക്ഷേ, അന്ത്യം​ ലോക്ക് ഡൗൺ സമയത്ത് ആയത് സങ്കടമായി. അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തത് വേദനയാണ് ".