ചെന്നൈ: തമിഴ്നാട്ടിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയ നിസാമുദ്ദീനിൽ നിന്നുള്ള വനിതാ പ്രഭാഷകരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംസ്ഥാനത്ത് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ്. . മസ്ദൂറത് ജമാഅത്തിലെ വിദേശികൾ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരാണ് ദിവസങ്ങളോളം ഒരോ വീടുകളിൽ കഴിഞ്ഞ് പ്രാർത്ഥനാ ചടങ്ങ് നടത്തിയത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഇവർ സമ്പർക്കം പുലർത്തിയതായും ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വീട്ടുകാരുമായി അടുത്തിടപഴകിയതിനാൽ രോഗവ്യാപന സാദ്ധ്യതയും കൂടതലാകുമെന്നാണ് അധികൃതരുടെ നിഗമനം. തുടർന്നാണ് ഇവരിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചത്.
ഇവർ താമസിച്ച വീടുകൾ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശിക സമ്മേളനത്തിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ തയ്യാറാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ സമ്പർക്കപ്പട്ടിക ഇപ്പോഴും തയ്യാറാക്കിയിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രവർത്തകർ പ്രാർത്ഥനാച്ചടങ്ങുകൾ നടത്തിയെന്ന് കണ്ടെത്തിയത്.