-lucknow

ലക്നൗ: കാമുകിയെ കാണാനെത്തിയ യുവാവിനെ കാമുകിയുടെ വീട്ടുകാർ അടിച്ചുകൊന്നു. ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കാമുകിയും മർദ്ദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗ സാദത്ത്ഗഞ്ച് മേഖലയിലാണ് സംഭവം. അബ്ദുൾ കരീമും(25) കാമുകിയായ 17 വയസുകാരിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനേഴുകാരിയുടെ പിതാവ് ഉസ്മാൻ, സഹോദരൻ ഡാനിഷ്, അമ്മാവൻ സുലൈമാൻ, അമ്മാവന്റെ മകനായ റാണു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അബ്ദുൾ കരീമും 17 വയസുള്ള പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി. പെൺകുട്ടിയുടെ മുറിക്കുള്ളിൽ അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കൾക്ക് മനസിലായത്.

തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരീമിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടി ക്രൂരമായി മർദ്ദിച്ചു. ആക്രമണം തടയാൻ ശ്രമിച്ച പെൺകുട്ടിയെയും ഇവർ മർദ്ദിച്ചു. അതിക്രൂരമായ മർദനത്തിനൊടുവിൽ രണ്ടു പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.