തിരുവനന്തപുരം : ലോക് ഡൗണിനെ തുടർന്ന് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളിൽ വിജിലൻസ് നടത്തി വരുന്ന പരിശോധന തുടരുന്നു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ നടത്തിയ 103 കട ഉടമകൾക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും, ചിലർ വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അമിത വില ഈടാക്കുന്നതായും കണ്ടെത്തി. സംസ്ഥാനമൊട്ടാകെ 289 വ്യാപാരസ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 24 ഉം കൊല്ലം ,കോട്ടയം ജില്ലകളിലെ 10 ഉം ഇടുക്കിയിലെ 13ഉം കോഴിക്കോട് 11 ഉം വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പത്തിൽ താഴെ വ്യാപാര സ്ഥാനങ്ങളിൽ വീതമാണ് മറ്റ് ജില്ലകളിൽ തട്ടിപ്പുകൾ നടന്നത്. സൗജന്യ റേഷൻ വെട്ടിപ്പ് നടത്തുന്ന റേഷൻ കടകൾക്കെതിരെയും വിജിലൻസ് നടപടികൾ ആരംഭിച്ചു . വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടാകെ പരിശോധന തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. .
വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിജിലൻസ് ഇന്റലിജൻസ് എസ്..പി. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും പങ്കെടുത്തു.