തിരുവനന്തപുരം: പുരോഗമന ചിന്തയുടെയും മാനവികതയുടെയും അടിയുറച്ച വക്താവായിരുന്നു സംഗീതജ്ഞനായ എം.കെ. അർജ്ജുനൻ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ, ദാരിദ്ര്യം നിറഞ്ഞ ബാല്യകൗമാരങ്ങളോട് പടവെട്ടി വിജയം നേടിയ അർജുനൻ മാഷിന്റെ ജീവിതം ഏതുകാലത്തും പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്. പുരോഗമനപരമായ സാമൂഹ്യമാറ്റത്തിന് സംഗീതത്തെ പൊൻവീണയാക്കിയ അദ്ദേഹം ഇടതുപക്ഷം നയിച്ച നാടക സമിതികളിലൂടെയാണ് സംഗീതലോകത്ത് ചുവടുറപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള മമത ജീവിതാവസാനം വരെ നിലനിറുത്തിയ എം.കെ, തന്നെ വളർത്തിയത് നാടകശാഖയാണെന്ന ബോധമുള്ളതിനാലാണ് സിനിമയിൽ ഉന്നതിയിൽ എത്തിയപ്പോഴും അരങ്ങിനെ കൈവിടാതിരുന്നത്. എല്ലാ അർത്ഥത്തിലും സാമൂഹ്യ പ്രതിബദ്ധത പുലർത്തിയ സംഗീതജ്ഞന്റെ വേർപാട് കേരളത്തിന് തീരാനഷ്ടമാണെന്നും കോടിയേരി പറഞ്ഞു.