തിരുവനന്തപുരം: മുന്നൂറിലധികം കൊവിഡ് രോഗികളുള്ള കേരളം രോഗപ്രതിരോധത്തിലും ഏറെ മുന്നിലെന്ന് കണക്കുകൾ. സംസ്ഥാനത്ത് മാർച്ച് 9നും 20നും ഇടയിൽ രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്. ജനുവരി 30ന് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ മുതൽ മൊത്തം 314 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 25 പേരുടെ രോഗം മാറി ആശുപത്രി വിട്ടു.
ഇതുവരെ 35 പേർ മരിച്ച മുംബയിൽ 5.5 ശതമാനം പേർ മാത്രമാണ് രോഗമുക്തി നേടിയത്. 18 പേരെ ഡിസ്ചാർജ് ചെയ്ത ഡൽഹിയിലാകട്ടെ 4.04 ശതമാനവും. മാർച്ചിൽ രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലും കേരളത്തിലും ഏകദേശം ഒരുപോലെയായിരുന്നു. കേരളത്തിൽ സ്ഥിരീകരിച്ച ആദ്യ കേസുകളിൽ കൂടുതൽ പേരുടെയും രോഗം മാറി. കണ്ണൂർ ജില്ലയിൽ ശനിയാഴ്ച വരെ റിപ്പോർട്ട് ചെയ്ത 52 കേസുകളിൽ 15 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 9744 പേരിലാണ് കേരളത്തിൽ പരിശോധന നടത്തിയത്.