covid

ന്യൂഡൽഹി:കോവിഡ് ബാധിച്ച മുതിർന്നവരുടെ കാര്യത്തിൽ അധിക ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രാലം. മുതിർന്നവരാണ് കോവിഡ് മൂലം മരിക്കുന്നവരിൽ ഏറെയും എന്നതിനാലാണിത്.രാജ്യത്ത് കോവിഡ് മൂലം മരിച്ചവരിൽ അറുപത്തിമൂന്നുശതമാനവും അറുപതുവയസിനുമേൽ പ്രായമുള്ളവരാണ്. പുരുഷന്മാരിലാണ് രോഗം കൂടുതലായി കാണുന്നത്. സ്ത്രീകളിൽ രോഗം കുറവാണ്. രോഗംബാധിച്ചതിൽ എഴുപത്താറുശതമാനവും പുരുഷന്മാരാണ്.

രാജ്യത്ത് ഇരുപത്തിനാലുമണിക്കൂറിനിടെ മുപ്പത്തുപേരാണ് കോവിഡ് മൂലം മരിച്ചത്. ഇതുവരെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ടുചെയ്തതും ഇൗ ഇരുപത്തിനാലുമണിക്കൂറിലാണ്. 25500പേരാണ് രാജ്യത്ത് നിരീക്ഷണത്തിലുള്ളത്. നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരിലും അവരിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരിലുമാണ് കോവിഡ് ബാധ കൂടുതലായി കാണുന്നതെന്നും റിപ്പോർട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത ഇരുപത്തായിരത്തോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിയാനയിൽ സമ്മേളനത്തിൽ പങ്കെടുത്തവർ കഴിഞ്ഞെന്നുകരുതുന്ന അഞ്ച് ഗ്രാമങ്ങൾ അടച്ചതായും റിപ്പോർട്ടുണ്ട്. ഇവിടെ ആർക്കെങ്കിലും രോഗമുണ്ടോ എന്ന് വ്യക്തമല്ല.

ഡൽഹിയിലും മുംബയിലും കൂടുതൽ ആരോഗ്യപ്രവർത്തകരിൽ രോഗം പടരുന്നത് അധികൃതർ ആശങ്കയോടെയാണ് കാണുന്നത്.വേണ്ടത്ര മുൻകരുതലുകളെടുക്കാതെ ചികിത്സിക്കുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.രോഗബാധ സംശയിക്കുന്നവരെക്കാണ്ട് വീണ്ടും ജോലി ചെയ്യിപ്പിച്ചതായും ആരോപണമുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ സഹപ്രവർത്തകർ നിരീക്ഷണത്തിലാണ്. പ്രശ്നത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് നഴ്സുമാരുടെ ആവശ്യം.