മുംബയ്: 'ഗോ കൊറോണ ഗോ'എന്ന തൻെറ മുദ്രാവാക്യം ലോകം ഏറ്റെടുത്തുകഴിഞ്ഞതായി കേന്ദ്രമന്ത്രി രാംദാസ് അഠാവലേ പറയുന്നു. മുദ്രാവാക്യം വ്യാപകമായി ഉപയോഗിക്കുന്നത് അതിന്റെ ഫലപ്രാപ്തിയെയാണ് കാണിക്കുന്നതെന്നാണ് അഠാവലേ പറയുന്നത്.
'ഫെബ്രുവരിയിൽ കൊവിഡ്19 സ്ഥിതി ഇന്ത്യയിൽ ഇത്ര ഭീകരമല്ലാത്തപ്പോഴാണ് ഞാൻ മുദ്രാവാക്യം വിളിച്ചത്. ഇത് കൊറോണയെ ഇല്ലാതാക്കുമോയെന്ന് അക്കാലത്ത് ആളുകൾ ചോദിക്കുമായിരുന്നു, ഇപ്പോൾ ഈ മുദ്രാവാക്യം ലോകമെമ്പാടും കാണുന്നുണ്ട്' അഠാവലേ പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യ ദീപം തെളിയിക്കലിനിടെ നിരവധിയാളുകൾ ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിയുമായി തെരുവിലിറങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ വാക്കുകൾ.
രാജ്യം വൊറസ് ബാധ വ്യാപനം തയുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയ സമയത്തായിരുന്നു കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിയുമായി രംഗത്തെത്തിയത്. കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിക്കുന്നതും അത് മറ്റുള്ളവർ ഏറ്റു വിളിക്കുന്നതുമായ വീഡിയോ പ്രചരിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം സംഘടിപ്പിച്ച പ്രാർത്ഥനായോഗത്തിന്റെ ഭാഗമായാണ് മന്ത്രി മുദ്രാവാക്യം വിളിച്ചിരുന്നത്. എൻ.ഡി.എയിലെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് രാംദാസ് അഠാവലേ.