thomas-issac

തിരുവനന്തപുരം: സാലറി ചലഞ്ച് കൊണ്ട് സംസ്ഥാനത്തിന്റെ കമ്മി കുറയില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. സാലറി ചലഞ്ച് പ്രകാരം ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകും. എന്നിട്ട് അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരവുവയ്ക്കും. ഇത് കൺസോൾഡേറ്റ് ഫണ്ടിന് പുറത്തുള്ള ഒരു അക്കൗണ്ടായതുകൊണ്ട് ശമ്പളം നൽകുന്നതിനായി ഉത്തരവിറങ്ങുമ്പോൾ പണം ചെലവായതായി കണക്കുവരും. അതേസമയം, സർക്കാരിന് സംഭാവന കിട്ടുമ്പോൾ അത് സർക്കാർ ബഡ്ജറ്റ് അക്കൗണ്ടിലേക്കല്ല, ദുരിതാശ്വാസ ഫണ്ടിന്റെ അക്കൗണ്ടിലേയ്ക്കാണ് വരുന്നതെന്നും അതുകൊണ്ട് സാലറി ചലഞ്ച് റവന്യൂ കമ്മിയെ ബാധിക്കാൻ പോകുന്നില്ലെന്നും ഐസക് ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. മറ്ര് ചില സംസ്ഥാനങ്ങൾ ചെയ്തതു പോലെ ശമ്പളത്തിന്റെ ചെറിയ ഭാഗം വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത്രയും തുക സർക്കാർ ചെലവിൽ കുറയും. അതനുസരിച്ച് കമ്മി കുറയുകയും ചെയ്യും. ഇനി കമ്മി കുറഞ്ഞാലും 15 ാം ധനകാര്യ കമ്മിഷൻ നിർദ്ദേശ പ്രകാരമുള്ള 15342 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റിൽ കുറവ് വരില്ലെന്നും അത് ചില ഫോർമുലകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും ഐസക് പറഞ്ഞു. സാലറി ചലഞ്ച് ഏർ‌പ്പെടുത്തിയാൽ റവന്യൂ കമ്മി കുറയുന്നതുമൂലം കമ്മി നികത്താനുള്ള ഗ്രാന്റ് കുറയാനിടയാക്കുമെന്ന സി.എം.പി നേതാവ് സി. പി.ജോണിന്റെ ആശങ്കയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.