തിരുവനന്തപുരം: ആഴ്ചയിൽ മൂന്നോ നാലോ മണിക്കൂർ മാത്രം കുടിവെള്ളം ലഭിക്കുന്ന കവടിയാർ എസ്.എസ് കോവിൽ ലെയിൻ പരിധിയിലെ 42 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ കുടിവെള്ളം ലഭിക്കാൻ മേയ് വരെ കാത്തിരിക്കണമെന്ന ജല അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പ് വരെ 24 മണിക്കൂറും കുടിവെള്ളം ലഭിച്ചു കൊണ്ടിരുന്ന സ്ഥലമാണിത്. കമ്മിഷൻ ജല അതോറിറ്റിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. കവടിയാർ സബ്ഡിവിഷന് കീഴിലുള്ള പ്രദേശത്ത് ജല വിതരണം നടത്താനുള്ള ജലം പേരൂർക്കടയിലെ സംഭരണിയിൽ ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പി.ടി.പി നഗറിൽ നിന്നുള്ള വെള്ളവും ചേർത്താണ് വെള്ളയമ്പലം, ശാസ്തമംഗലം, കവടിയാർ ഭാഗത്ത് ജല വിതരണം നടത്തുന്നത്. സിറ്റിയിലുള്ള ജലക്ഷാമം പരിഹരിക്കാൻ പ്രതിദിനം 75 ദശലക്ഷം ശേഷിയുള്ള പുതിയ ശുദ്ധീകരണശാല അരുവിക്കരയിൽ നിർമ്മാണ ഘട്ടത്തിലാണ്. ഇത് മേയിൽ കമ്മിഷൻ ചെയ്യാനാവും. അതോടെ കവടിയാർ ഭാഗത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്.എസ് കോവിൽ ലെയിൻ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സമർപ്പിച്ച പരാതിയിലാണ് നടപടി.