കഴക്കൂട്ടം: ''ഞങ്ങൾ നൗഷാദുമാർ. ഒന്നും രണ്ടുമല്ല, 4500 പേർ.'' സ്വയം തൊഴിലിന് ആട്ടോറിക്ഷ വാങ്ങാൻ സഹായം തേടിപ്പോയ ആൾക്ക് ലോറി വാങ്ങി നൽകിയ സിനിമാ നിർമ്മാതാവ് ആലത്തൂർ നൗഷാദും പ്രളയകാലത്ത് തന്റെ കടയിലെ മുഴവൻ വസ്ത്രങ്ങളും പാവപ്പെട്ടവർക്ക് വാരിക്കൊടുത്ത എറണാകുളത്തെ ബ്രോഡ് വേ നൗഷാദും കൂട്ടത്തിലുണ്ട്. ഒപ്പം പ്രവാസി നൗഷാദുമാരും. ഈ കൊവിഡ് കാലത്ത് എന്താവശ്യമുണ്ടെങ്കിലും പറയാം. വിളിപ്പുറത്ത് ഇവരുണ്ടാകും. നൗഷാദ് അസോസിയേഷൻ എന്ന വാർട്സ് ആപ്പ് കൂട്ടായ്മയുടെ ഉറപ്പാണിത് !
എല്ലാ ജില്ലകളിലുമുള്ളവർ അംഗങ്ങൾ. ബിസിനസുകാർ, ഡോക്ടർമാർ, പൊലീസുകാർ, വക്കീലൻമാർ, ജനപ്രതിനിധികൾ തുടങ്ങി സമസ്ത മേഖലകളിലെയും നന്മ നിറഞ്ഞ നൗഷാദുമാർ കണ്ണികളാണ്. പുറത്തു നിന്ന് പണപ്പിരിവൊന്നും നടത്തുന്നില്ല. ഓരോ ആവശ്യത്തിനും അതതു പ്രദേശത്തെ നൗഷാദുമാർ തങ്ങൾക്ക് കഴിയുന്ന കാശിടും. ആവശ്യം വലുതാണെങ്കിൽ ഗ്രൂപ്പിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരുടെ സഹായം തേടും.
പാലക്കാട്ടുകാരൻ അദ്ധ്യാപകൻ നൗഷാദ് അലവിയാണ് രണ്ടു വർഷം മുമ്പ് നൗഷാദ് വാട്സ് ആപ്പ് ഗ്രൂപ്പ് എന്ന ആശയം സുഹൃത്ത് ട്രാൻസ്പോർട്ട് ഡ്രൈവർ കൊല്ലം നൗഷാദിനോട് ആദ്യം പങ്കുവച്ചത്. ഇവർ പരിചയക്കാരായ മറ്റു നൗഷാദുമാരുമായി ചേർന്ന് ഗ്രൂപ്പ് തുറന്നു. കോഴിക്കോട് മാൻഹോളിൽ അകപ്പെട്ട മൂന്ന് ബംഗാളി തൊഴിലാളികളെ രക്ഷപ്പെടുത്താനിറങ്ങിയ ആട്ടോറിക്ഷ ഡ്രൈവർ നൗഷാദിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതായിരുന്നു പ്രചോദനം.
ബ്രോഡ് വേ നൗഷാദാണ് ഇപ്പോൾ കൂട്ടായ്മയുടെ സംസ്ഥാന രക്ഷാധികാരി. ഓരോ ജില്ലയിലും കമ്മിറ്റികളുണ്ട്. ഇരവിപുരം എം.എൽ.എ നൗഷാദാണ് കൊല്ലം ജില്ലാ രക്ഷാധികാരി.
ലോക്ക് ഡൗൺണിൽ
കൈത്താങ്ങ്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂട്ടായ്മ സജീവമാണ്. ലോക്ക് ഡൗണിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സാധനങ്ങൾ വാങ്ങി എത്തിക്കും. പോയിന്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണവും വെള്ളവും മാസ്കും എത്തിക്കും. പൊതു സ്ഥലങ്ങളിൽ കഴിയുന്ന പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണമെത്തിക്കും. കമ്മ്യൂണിറ്റി കിച്ചണിലും ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. ബന്ധപ്പെടാൻ ഫോൺ: 7559970306.