തിരുവനന്തപുരം: ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും ആർക്കും കൊവിഡ് രോഗം പോസിറ്റീവായില്ല. പുതുതായി 205 പേരാണ് ഇന്നലെ രോഗനിരീക്ഷണത്തിലായത്. മെഡിക്കൽ കോളേജിൽ 42, ​ജനറൽ ആശുപത്രി 21,​പേരൂർക്കട മാതൃകാ ആശുപത്രിയിൽ ഏഴ്, ​നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ മൂന്ന്, ​നെടുമങ്ങാട് ജില്ലാ ആശുപത്രി,​ എസ്.എ.ടി എന്നിവിടങ്ങളിൽ ഏഴ്,​ കിംസ് ആശുപത്രിയിൽ 10, ​പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഏഴ്,​പി.ആർ.എസ് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 105 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മണക്കാട് സ്വദേശി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു.

യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ 78,​വിമെൻസ് ഹോസ്റ്റലിൽ 47,​ഐ.എം.ജി ഹോസ്റ്റലിൽ 44, ​വേളി സമേതി ഹോസ്റ്റലിൽ 19,​ മൺവിള കോ ഓപ്പറേറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നാല്,​ മാർ ഇവാനിയോസ് ഹോസ്റ്റലിൽ 173,​വിഴിഞ്ഞം സെന്റ് മേരീസ് സ്‌കൂളിൽ 103,​പൊഴിയൂർ എൽ.പി.സ്‌കൂളിൽ 72,​സെന്റ് മാതാ സ്‌കൂളിൽ 73,​ നിംസ് ഹോസ്റ്റലിൽ 27 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലായി ആകെ 640 പേരാണുള്ളത്.

ഇന്നലത്തെ 146 ഫലങ്ങൾ നെഗറ്റീവ്
ആകെ അയച്ച 2267 സാമ്പിളുകളിൽ 1929 പരിശോധനാഫലമാണ് ലഭിച്ചത്. ഇന്നലെ ലഭിച്ച 146 ഫലങ്ങളും നെഗറ്റീവാണ്. ഇനി 397 പരിശോധനാഫലം ലഭിക്കാനുണ്ട്. ഇന്നലെ 60 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. നിസാമുദീനിൽ നിന്നും എത്തിയ 11 പേരുടെ സാമ്പിൾ പരിശോധനാ ഫലവും നെഗറ്റീവാണ്. പോത്തൻകോട് നിന്നു ശേഖരിച്ച 177 സാമ്പിളുകളിൽ ലഭിച്ച 145 ഉം നെഗറ്റീവാണ്. 32 ഫലങ്ങൾ ലഭിക്കാനുണ്ട്. ശശി തരൂർ എം.പിയുടെ ഫണ്ടിൽ നിന്ന് തുക ചെലവിട്ട് വാങ്ങിയതിൽ 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കൂടി ഇന്നലെ ലഭിച്ചു.

വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടി

പോത്തൻകോട് കൊവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവലോകന യോഗത്തിന് ശേഷം പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കളക്ടറോട് മന്ത്രി നിർദ്ദേശിച്ചു.

 ആകെ നിരീക്ഷണത്തിലുള്ളവർ: 12,470

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 11,725

 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 105

 പുതുതായി നിരീക്ഷണത്തിലായവർ: 205