powercut

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് സംസ്ഥാനത്തെ ജനങ്ങളും വൈദ്യുത ദീപങ്ങളണച്ച് മെഴുകുതിരിയും മൺചെരാതുമുൾപ്പെടെയുള്ള വിളക്കുകൾ തെളിച്ചപ്പോൾ 380 മെഗാവാട്ടിന്റെ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ലൈറ്റുകൾ മാത്രമാണ് രാത്രി 9 മുതൽ 9 മിനിട്ട് നേരം ജനം അണച്ചത്. മഴയിലും കാറ്രിലും മരങ്ങൾ വീണ് വൈദ്യുത ബന്ധം തകരാറിലായ ചിലയിടങ്ങളിൽ രാത്രി 9ന് വൈദ്യുതി ഉണ്ടായിരുന്നില്ല. 380മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണെന്നും മുൻകരുതൽ എടുത്തതിനാൽ പവർഗ്രിഡിൽ തകരാറൊന്നു സംഭവിച്ചില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. മുൻകരുതലെടുത്ത് പ്രവർത്തിച്ചതിന് കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള വൈദ്യുത ബോർഡുകളെ കേന്ദ്ര ഊർജമന്ത്രി ആർ.കെ.സിംഗ് അഭിനന്ദിച്ചു.