കഴക്കൂട്ടം: കഠിനംകുളം ചാന്നാങ്കരയിൽ എട്ട് ടൺ അഴുകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. അബ്ബാസ് എന്ന വ്യക്തിയുടെ അണക്കപ്പിള്ളയിലുള്ള ബിസ്മി ഐസ് ഫാക്ടറിയിൽ നിന്നാണ് അഞ്ച് ലക്ഷംരൂപ വിലയ്ക്കുള്ള ചൂരമത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽക്കുന്നതിന് തമിഴ്നാട്ടിലെ കുളച്ചലിൽ നിന്ന് മത്സ്യം എത്തിക്കാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ മത്സ്യം കയറ്റിയ ലോറി കണ്ടെത്തിയത്. പിടികൂടിയ മത്സ്യശേഖരം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമ തന്നെ കുഴിച്ചുമൂടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ചിറയിൻകീഴ് ഫുഡ് സേഫ്റ്റി ഓഫീസർ ധന്യ ശ്രീവത്സൻ, കഴക്കൂട്ടം ഓഫീസർ അൻഷ ജോൺ, വർക്കല ഓഫീസർ ജോൺ വിജയകുമാർ, പുതുക്കുറിച്ചി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർ ഡോ: ഗോഡ്ഫ്രെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സാം വില്ലിംഗ്ടൺ, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റൊളുദോൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.