തിരുവനന്തപുരം: ലോകത്ത് മനുഷ്യജീവൻ കവർന്നെടുക്കുന്ന കൊറോണ രോഗം മൃഗങ്ങളിലേക്കും പടർന്ന സാഹചര്യത്തിൽ ഓമന മൃഗങ്ങളുമായി അധികം സമ്പർക്കം വേണ്ടെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ഇതോടെ മൃഗശാലകളിലെ മൃഗങ്ങളെയും കൃത്യമായി നിരീക്ഷിക്കും. ന്യൂയോർക്കിലെ ബ്രോൺക്‌സ് മൃഗശാലയിലെ നാല് വയസുള്ള നദിയ എന്ന കടുവയ്ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
രോഗസാദ്ധ്യത
കൊറോണ രോഗലക്ഷണങ്ങളുള്ളവർ വളർത്തുമൃഗങ്ങളുമായി അധികം ഇടപഴകരുത്. മനുഷ്യരിൽ നിന്ന് മൃഗങ്ങൾക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത വളരെ വലുതാണ്. രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചാലും വളർത്തുമൃഗങ്ങളുമായി ഇടപഴകുന്ന മറ്റുള്ളവർക്ക് രോഗം ബാധിക്കാൻ സാദ്ധ്യതയേറെയാണ്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പടർന്ന ശേഷം അത് വീണ്ടും മനുഷ്യരിലേക്ക് തന്നെ എത്തുന്ന സ്ഥിതിയുണ്ടാകാം.
സൂണോട്ടിക് ഡിസീസ്
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളാണ് സൂണോട്ടിക് ഡിസീസുകൾ. ഇപ്പോൾ കണ്ടെത്തിയ കൊറോണ വൈറസ് മൃഗങ്ങൾക്കിടയിൽ പൊതുവേ കണ്ടുവരുന്നുണ്ട്. ഇവയുടെ ജനിതകമാറ്റം സംഭവിച്ച വൈറസാണ് ഇപ്പോൾ വിനാശകാരിയായിരിക്കുന്നത്. വളർത്തു പൂച്ചകളും തെരുവ് നായ്‌ക്കളും വൈറസിന്റെ വാഹകരാകാം.
കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
കടുവയിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യയിലെ മൃഗശാലകൾക്ക് കേന്ദ്ര മൃഗശാല അതോറിട്ടി ജാഗ്രതാ നിർദ്ദേശം നൽകി. മൃഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിക്കുന്നുണ്ടോ എന്ന് 24 മണിക്കൂറും സി.സി.ടി.വിയുടെ സഹായത്തോടെ പരിശോധിക്കണം. സസ്തനി വിഭാഗത്തിൽപ്പെടുന്ന പൂച്ച, വെള്ളക്കീരി, മനുഷ്യക്കുരങ്ങ് തുടങ്ങിയ വിഭാഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാഴ്ച കൂടുമ്പോൾ മൃഗങ്ങളുടെ സാമ്പിളുകൾ ലാബുകളിലയച്ച് മൃഗാശുപത്രികളിൽ കൊറോണ പരിശോധന നടത്തണമെന്നും അതോറിട്ടി നിർദ്ദേശിച്ചു.