കിളിമാനൂർ: ജില്ലാതിർത്തിയിൽ തട്ടത്തുമല വാഴോട്ടുവച്ച് അഴുകിയ മത്സ്യം പിടിച്ചെടുത്തു. കിളിമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ നടന്ന പരിശോധനയിൽ ഒരു കണ്ടയ്നർ ചൂരയും വൈകിട്ട് ഒരു പിപ്പ് വാൻ മത്സ്യവുമാണ് പിടികൂടിയത്. പ്രോസസ് ചെയ്ത മത്സ്യം എന്ന പേരിൽ കഷണങ്ങളാക്കി ഐസുകളിലാക്കിയ നിലയിലായിരുന്നു. രാവിലെ പിടികൂടിയ മത്സ്യം പൊലീസ് നശിപ്പിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി. രണ്ട് ദിവസം മുൻപ് മൂന്ന് കണ്ടെയ്നർ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു. തൂത്തുക്കുടിയിൽ നിന്ന് എത്തിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നവരിൽ നിന്നാണ് അഴുകിയ മത്സ്യം പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ വാഹന പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഇത്തരത്തിൽ അഴുകിയ മത്സ്യം പിടിച്ചെടുക്കുന്നത് പതിവായി. കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐ പ്രൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.