rameshchenithala

തിരുവനന്തപുരം: കൊറോണ വ്യാപനത്തെത്തുടർന്ന് ലോകമെങ്ങുമുള്ള പ്രവാസികൾ കടുത്ത ആശങ്കയെയുംപ്രശ്നങ്ങളെയും നേരിടുകയാണെന്നും അവർക്കായി കേന്ദ്ര സർക്കാർ പ്രത്യേക നടപടികൾ കൈക്കൊള്ളണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസികൾ ജീവിക്കുന്ന രാജ്യങ്ങളിൽ മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമം അനുഭവപ്പെടുന്നതായി പരാതികൾ ഉയരുന്നുണ്ട്. ജോലി നഷ്ടപ്പെട്ടവർ നാട്ടിലെത്താൻ വഴിയില്ലാതെ വിഷമിക്കുകയാണ്. നാട്ടിൽ എത്തിയ പ്രവാസികൾക്ക് മടങ്ങിച്ചെല്ലുമ്പോൾ ജോലിയുണ്ടാകുമോ എന്ന ആശങ്കയിലാണ്.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ആശങ്കകളും വിഷമതകളും പരിഗണിക്കുന്നില്ലെന്ന പരാതിയും ഇവരുയർത്തുന്നു. നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ വിമാനയാത്ര നിരോധനം കഴിഞ്ഞാലുടനെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കുക, പ്രവാസികൾക്ക് സുരക്ഷയും മതിയായ ആരോഗ്യ സംവിധാനങ്ങളും ഉറപ്പ് വരുത്താൻ വിദേശത്തെ ഇന്ത്യൻ കാര്യാലയങ്ങൾക്ക് നിർദേശം നൽകുക, പ്രത്യക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തുക എന്നീ നിർദ്ദേശങ്ങൾ കത്തിലുൾപ്പെടുത്തിയിട്ടുണ്ട്.