ലണ്ടൻ: കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശ്വാസ തടസമുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ ഓക്‌സിജന്‍ നല്‍കി വരുന്നുണ്ട്. പക്ഷെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല.
പനി മാറ്റമില്ലാതെ തുടര്‍ന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.
കൊറോണ പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രിട്ടണിലെ സെന്റ്. തോമസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ കൊറോണയുടെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
ബ്രിട്ടിനില്‍ കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.