driving

മസ്‌ക്കറ്റ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ല എന്ന് കരുതി വിഷമിക്കേണ്ട. ലൈസൻസിന്റെ കാലാവധി കഴിഞ്ഞവർക്കും വാഹനം ഓടിക്കാം. കൊവിഡ് കാലത്തെ മസ്കറ്റിലെ പുതിയ ഇളവാണിത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആർ.ഒ.പി ലൈസൻസ് പുതുക്കൽ അടക്കം മസ്കറ്റിൽ നിറുത്തിവച്ചിരിക്കുകയാണ്. ഇതോടെ വാഹന ലൈസൻസ് കാലാവധി കഴിഞ്ഞവർ ആശങ്കയിലായിരുന്നു.

കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് ആർ.ഒ.പി വക്താവ് മേജർ മുഹമ്മദ് അൽ ഹാഷ്മി പറയുന്നു. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ വാഹനയാത്രക്കാർ നിർബന്ധമായും പാലിക്കണം.നേരത്തേ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് ഇൻഷ്വറൻസ് പുതുക്കി നൽകാൻ കാപിറ്റൽ മാർക്കറ്റ് അതോറിട്ടി ഇൻഷ്വറൻസ് കമ്പനികളോട് നിർദേശിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെയാണ് ഇൻഷ്വറൻസ് സംബന്ധിച്ച നിർദേശം. ഇക്കാലയളവിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു.