ജിദ്ദ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ കർഫ്യൂ 24 മണിക്കൂറാക്കി നീട്ടി. റിയാദ്, തബൂക്ക്, ധഹ്‌റാൻ, ദമ്മാം, ഹൊഫൂഫ്, ജിദ്ദ, തായിഫ്, ഖതീഫ്, അല്‍ഖോബാർ തുടങ്ങിയ ഇടങ്ങളിലാണ് 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചത്.
അതിപ്രധാനമേഖലകളിലെ തൊഴിലാളികളൊഴികെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ അവിടെ നിന്ന് പുറത്ത് കടക്കുന്നതിനോ അനുമതിയില്ല. രാവിലെ ആറിനും മൂന്ന് മണിക്കും ഇടയിൽ സ്ഥലവാസികൾക്ക് മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാൻ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂ. ഇൗ സമയം വാഹനങ്ങൾ ഡ്രൈവർക്കുപുറമേ പ്രായപൂർത്തിയായ ഒരാൾ മാത്രമേ പാടുള്ളൂ. മുതിർന്നവർക്കു മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂ.
ആതുര സേവനം. പെട്രോൾപമ്പുകൾ, കുടിവെള്ളം തുടങ്ങിയവയെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യ അകലം കർശനമായി പാലിക്കണമെന്നും ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയാനാണ് അധികൃതർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്. കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഇനിയും ഉണ്ടായേക്കാം എന്നാണ് അധികൃതർ നൽകുന്ന സൂചന. നിയന്ത്രണങ്ങൾ തെറ്റിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകിയിട്ടിട്ടുണ്ട്.