തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്കിടിച്ച് ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡിന് പരിക്കേറ്റു.. കാലിൽ പരിക്കേറ്റ സി.ഐയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.. ഇന്നലെ വൈകുന്നേരം പൗഡിക്കോണം മുക്കിക്കട ജംഗ്ഷനിലായിരുന്നു സംഭവം. മുക്കിക്കടയിൽ വാഹനം പരിശോധിക്കുന്നതിനിടെ മൂന്നുപേർ കയറി വന്ന ബൈക്ക് പൊലീസ് തടഞ്ഞു.. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിൽ നിന്ന സി.ഐയുടെ കാലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ചന്തവിള സ്വദേശി അരവിന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.. ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയതിന് അരവിന്ദിനെതിരെ കേസെടുത്തതായി ശ്രീകാര്യം പൊലീസ് പറഞ്ഞു.