ലണ്ടൻ: കൊവിഡ് മഹാമാരിയുടെ കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് താത്കാലികമായി ഒരു ഇടവേള നൽകിയ ശേഷം വീണ്ടും സ്റ്റെതസ്കോപ്പും കൈയ്യിലേന്തി രോഗികൾക്കിടയിലേക്കെത്താനൊരുങ്ങുകയാണ് 2019ൽ മിസ് ഇംഗ്ലണ്ട് കിരീടം ചൂടിയ ഭാഷാ മുഖർജി. ഡിസംബറിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ഇന്ത്യൻ വംശജയായ ഭാഷ, കരിയറിന് ബ്രേക്ക് നൽകി ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ജൂനിയർ ഡോക്ടറായി ജോലി ചെയ്‌തിരുന്ന ഭാഷ ഈ വർഷം ഓഗസ്‌റ്റ് വരെ ഏതായാലും തന്റെ ഡോക്ടർ ജോലിയിലേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു.
ആഫ്രിക്ക, തുർക്കി, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ വിവിധ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ അംബാസിഡറാകാൻ ഭാഷയ്ക്ക് ക്ഷണമുണ്ടായിരുന്നു. മാർച്ച് തുടക്കം മുതൽ ഭാഷ ഇന്ത്യയിലായിരുന്നു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നാല് ആഴ്‌ച തങ്ങാനായിരുന്നു തീരുമാനം. എന്നാൽ കൊവിഡ് പടരാൻ തുടങ്ങിയതോടെ സ്ഥിതി മാറി. ഭാഷ മുമ്പ് ജോലി ചെയ്‌തിരുന്ന ഈസ്റ്റ് ഇംഗ്ലണ്ടിലെ ബാസ്‌റ്റണിലുള്ള പിൽഗ്രിം ഹോസ്പിറ്റലിലെ പഴയ സഹപ്രവത്തകരിൽ നിന്നും കോവിഡ് ഇംഗ്ലണ്ടിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ആഘാതം ഭാഷ മനസിലാക്കി. പിന്നീടൊന്നും ആലോചിച്ചില്ല. താൻ ജോലിയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നതായി ഭാഷ ഹോസ്പിറ്റൽ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. ഭാഷയ്ക്ക് ഒമ്പത് വയസുള്ളപ്പോഴാണ് കുടുംബം കൊൽക്കത്തയിൽ നിന്നും ഇംഗ്ലണ്ടിലെ ഡെർബിയിലേക്ക് കുടിയേറിയത്. കഴിഞ്ഞ ബുധനാഴ്ച ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ഭാഷ ഇപ്പോൾ രണ്ടാഴ്ചത്തേക്ക് സെൽഫ് ഐസൊലേഷനിലാണ്. ഇതിന് ശേഷം ഭാഷ വീണ്ടും പിൽഗ്രിം ഹോസ്‌പിറ്റലിൽ ഡോക്‌ടറുടെ കുപ്പായമണിയും.