മസ്‌കറ്റ്: മലയാളികൾ തിങ്ങിപ്പാർക്കുന്ന മത്ര മേഖലയിൽ 20 ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാച്ച്ലർ റൂമുകളിൽ തിങ്ങിപ്പാർക്കുന്ന ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായത് മലയാളികളെ ആകെ അമ്പരപ്പിക്കുന്നു. ചെറിയ റൂമുകളിൽ ഞെങ്ങിഞെരുങ്ങിയാണ് പലരുടേയും താമസം. ഒരാൾക്ക് രോഗബാധയുണ്ടായാൽ മുഴുവൻപേർക്കും പടരുമെന്നതാണ് ആശങ്ക. രോഗബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റി. അല്ലാത്തവരെ ഐസൊലേഷൻ വാർഡുകളിലേക്കും. ഐസൊലേഷനിൽ കഴിയാൻ സൗകര്യങ്ങളില്ലാത്ത ബാച്ച്ലർ താമസക്കാർക്ക് ആരോഗ്യ മന്ത്രാലയം റൂവിയിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ആവശ്യമുള്ളവർക്ക് മരുന്നുകളും എത്തിച്ചു നൽകുന്നുണ്ട്. താമസിക്കുന്ന സ്ഥലങ്ങളിൽ ഐസൊലേഷനിൽ കഴിയാൻ സൗകര്യമുള്ളവർക്ക് മതിയായ നിർദേശങ്ങൾ നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
മസ്‌കറ്റ് ഗവർണറേറ്റിൽ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച 33 കേസുകളിൽ 31 എണ്ണവും മസ്‌കറ്റ് മേഖലയിലാണ്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ തലസ്ഥാന ഗവർണറേറ്റിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 257ആയി. ഇതിൽ 29 പേർ രോഗ മുക്തി നേടി. രാജ്യത്ത് മൊത്തം 331 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്ന രണ്ടുപേർ മരിച്ചു.
സ്വകാര്യ ആശുപത്രികളിലടക്കം പരിശോധനാ സാമ്പിളുകൾ ശേഖരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ പേർ പരിശോധനക്കായി സാമ്പിളുകൾ നൽകിയിട്ടുണ്ട്. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വിളിച്ച് മാർഗ നിർദേശങ്ങൾ നൽകുകയാണ്. സമൂഹ വ്യാപനം കൂടുതലായതോടെ മത്ര മേഖലയിലേക്കുള്ള നിയന്ത്രണം കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. അണുനാശിനി പ്രവർത്തനങ്ങളും ഊർജിതമാണ്.