fire

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ ആഹ്വാനത്തെ തുടർന്ന് ജനങ്ങൾ പടക്കം പൊട്ടിച്ചതിനെ ന്യായീകരിച്ച് പശ്ചിമബം​ഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്തെത്തി. സന്തോഷപ്രകടനത്തിന്റെ ഭാ​ഗമായി ജനങ്ങൾ പടക്കം പൊട്ടിച്ചതിൽ തെറ്റൊന്നുമില്ല എന്നാണ് അദ്ദേഹം പറയുന്നത്.

കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചിലർ റോ​ഡിലിറങ്ങി പടക്കം പൊട്ടിക്കുകയും ദീപങ്ങൾ പറത്തി വിടുകയും മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തുകയും ചെയ്തിരുന്നു. ലോകവും രാജ്യവും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരം പ്രവൃത്തികൾ നടത്തിയതിനെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ദിലീപ് ഘോഷ് വിശദീകരണവുമായി രംഗത്തെത്തിയത്.
'ലോക്ക് ഡൗണും കൊറോണ വൈറസ് ബാധയും മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. പടക്കം പൊട്ടിക്കാൻ ആരും അവരോട് ആവശ്യപ്പെട്ടില്ല. അതേ സമയം അവർ അങ്ങനെ ചെയ്തെങ്കിൽ തന്നെ അതിലെന്താണ് തെറ്റ്? അവരുടെ സന്തോഷത്തിന്റെ പ്രകടനമാണത്.അന്തരീക്ഷ മലിനീകരണം സംഭവിച്ചു എന്ന് പറഞ്ഞ പരിസ്ഥിതി പ്രവർത്തകരോട് ഞാൻ ഒരു കാര്യം പറയാം. വർഷം മുഴുവൻ മലിനീകരണം നീണ്ടുനിൽക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലേ? ഈ സംഭവത്തിൽ കൂടുതൽ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്നാണ് എന്റെ അഭ്യർത്ഥന- ദിലീപ് ഘോഷ് പറഞ്ഞു.