ദുബായ്: വിദേശികൾക്ക് നാടുകളിലേക്ക് മടങ്ങാൻ യു.എ.ഇയും കുവൈറ്റും അവസരമൊരുക്കി. പക്ഷേ, വിമാനസർവീസിന് ഇന്ത്യൻ സർക്കാരിന്റെ അനുമതിയില്ലാതായതോടെ മടക്കം നിലച്ചു. ഇതിൽ പ്രവാസികളിൽ അമർഷവും പ്രതിഷേധം ശക്തമാകുകയാണ്.
യു.എ.ഇയിൽ പുതുതായി 277 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതരുടെ എണ്ണം 2076 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ യു.എ.ഇയും കുവൈറ്റും അനുമതി നൽകിയത്. എന്നാൽ, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ഇവരെല്ലാംകൂടി കൂട്ടത്തോടെ എത്തിയാൽ ഇന്ത്യയുടെ സ്ഥിതി വളരെ ഭയാനകമാകും. അതുകൊണ്ടാണ് ഇന്ത്യ അനുമതി നൽകാത്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തന്നെ രോഗത്തെ തടഞ്ഞു നിറുത്താനും സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാനുമാണ്.
ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14വരെ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണ്. അതേസമയം, ഫിലിപ്പിൻസ്, ലബനോൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഗൾഫിലെ അവരുടെ പൗരന്മാരെ ഇതിനകം നാട്ടിലേക്ക് കൊണ്ടുപോയി.