mvd

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്ത് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ സർക്കാർ ഖജനാവിലെത്തിച്ചത് പത്തുകോടി രൂപ. ഓൺ ലൈൻ രജിസ്ട്രേഷൻ സംവിധാനം വഴിയാണ് മോട്ടോർ വാഹന വകുപ്പ് ഈ നേട്ടം കൈവരിച്ചത്. സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ച ശേഷം മാർച്ച് 25 മുതൽ ഏപ്രിൽ ഒന്നുവരെ 6761 പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഓഫീസുകളുടെ പ്രവർത്തനം നിർത്തിയിരുന്നു. രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിലേക്ക് മാറ്റിയതു മൂലം ഓൺലൈൻ അപേക്ഷകൾ ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് സ്വന്തം കമ്പ്യൂട്ടറിലൂടെ പരിഗണിച്ചാണ് ഈ നേട്ടം കൈവരിച്ചത്. വീടുകളിലിരുന്ന് ഓൺലൈനിലൂടെ നികുതി സ്വീകരിച്ച് രജിസ്‌ട്രേഷൻ പൂർത്തീകരിക്കുകയായിരുന്നു.

മാർച്ച് 31ന് വിൽപ്പന കാലാവധി അവസാനിക്കുന്ന ബിഎസ്-4 എൻജിൻ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ അവധി ദിവസങ്ങളിലും ആർ.ടി ഓഫീസ് പ്രവർത്തിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചിരുന്നു. ഇതിനായി ഒരു ക്ലാർക്ക്, ഒരു എ.എം.വി.ഐ എന്നിവരെ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്‍തിരുന്നു.

നേരിട്ടുള്ള പരിശോധനകൾ ഒഴിവാക്കാൻ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും താത്കാലിക രജിസ്‌ട്രേഷൻ എടുക്കുന്ന ദിവസംതന്നെ സ്ഥിരം രജിസ്‌ട്രേഷനും നൽകണമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദേശിച്ചിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് സംസ്ഥാനം ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയെ നേരിടുമ്പോൾ പത്തുകോടിയോളം രൂപ ഖജനാവിലേക്ക് സമാഹരിക്കാൻ ഇടയാക്കിയത്.