ചിറയിൻകീഴ്: വ്യാജ ചാരായം വീട്ടിൽ ഉണ്ടാക്കി വിൽപന നടത്തുന്ന പ്രതി പൊലീസ് പിടിയിലായി. കോളിച്ചിറ കാണിക്ക മുക്കിനു സമീപം കാട്ടുകുളം പുത്തൻ വീട്ടിൽ അഭിലാഷിനെ (32) ആണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് എസ്.എച്ച്.ഒ സജീഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്റ്റേഷൻ എസ്.ഐ മാരായ വിനീഷ്, ഗിരീഷ്, സി.പി.ഒ മാരായ സുജീഷ്, അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അഭിലാഷിനെ പിടികൂടുകയായിരുന്നു. വീടിന് പുറകുവശത്ത് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ബക്കറ്റിലും കന്നാസിലുമായി 15 ലിറ്ററോളം കോട കുഴിച്ചിട്ടതായി കണ്ടെത്തി . പ്രതിയെ കോടതിയിൽ ഹാജരാക്കി.