റിയാദ്: ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിൽ കയറിപ്പറ്റിയ കൊവിഡ് ഓടി ഒളിച്ചു. കുഞ്ഞിന് രോഗം ഭേദമായി. അതീവ ആഹ്ളാദത്തോടെ കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.സൗദിയിൽ റിയാദിലെ ദവാദ്മിയയിലാണ് സംഭവം.
പ്രസവിച്ചു നാലാം ദിനമാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കുഞ്ഞിനെ ചികിത്സിച്ചുവരികയായിരുന്നു. രോഗം ഭേദമായി എന്ന ശുഭവാർത്ത വന്നതോടെ ആശുപത്രിയിൽ ആനന്ദ നിമിഷങ്ങളായി. ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്നാണ് കുഞ്ഞിനെ വീട്ടിൽ എത്തിച്ചത്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽനിന്ന് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിന് രോഗ മുക്തി ലഭിച്ചത് ആരോഗ്യ പ്രവർത്തകർക്കും സൗദി ജനതയ്ക്കും ഏറെ ആത്മവിശ്വാസം പകരുകയാണ്.