അഗർത്തല: അഗർത്തലയിൽ 44 വയസ്സുള്ള സ്ത്രീക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ത്രിപുരയിലെ ആദ്യത്തെ കൊവിഡ് 19 കേസാണിത്.വിദേശയാത്രയ്ക്ക് ശേഷം തിരികെ എത്തിയതാണ് ഇവർ. ഉദയ്‌പൂരിലെ ഗോമതി ജില്ലാ സ്വദേശിയാണ് ഈ സ്ത്രീ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചുമയും പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
ഇവർ വിദേശയാത്ര നടത്തിയിരുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ യാത്രയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ജനങ്ങളോട് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും രോഗിക്കാവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുമെന്നും മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞു. അഗർത്തല ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇവർ ചികിത്സയിലാണ്.