മുംബയ്: മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഒരു മലയാളി നഴ്സിനുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം നാൽപ്പത്താറായി. തൃശൂർ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
മുംബയ് സെൻട്രലിലെ ആശുപത്രിയിൽ 56 നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നേരത്തേ കൊവിഡ് ബാധിച്ച് മൂന്ന് രോഗികൾ ഇവിടെ മരിച്ചിരുന്നു. ഇവരിൽ നിന്നാണ് ആരോഗ്യപ്രവർത്തകരിലേക്ക് രോഗം വ്യാപിച്ചതെന്നാണ് കരുതുന്നത്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകളില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരായതും രോഗലക്ഷണങ്ങളുള്ളവരെ സമ്പർക്ക വിലക്കിലാക്കുന്നത് വൈകിയതും നഴ്സുമാർ കൂട്ടത്തോടെ താമസിക്കുന്നതുമാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്.