തിരുവനന്തപുരം : അമേരിക്കയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മൃഗശാലയിലും കനത്ത ജാഗ്രത. കേരളത്തിൽ കൊവിഡിന്റെ സമൂഹവ്യാപനമുണ്ടായിട്ടില്ലെങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി മൃഗശാലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കേന്ദ്ര മൃഗശാല അതോറിട്ടിയുടെ നിർദേശപ്രകാരമുള്ള നടപടികൾക്ക് പുറമേ ജീവനക്കാരും മൃഗങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിനും ജീവനക്കാരിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കാനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി രണ്ട് ഷിഫ്റ്റാക്കി ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ചു. ഡ്യൂട്ടിയിലുള്ള എല്ലാ ജീവനക്കാരും മൃഗശാലയിൽ പ്രവേശിക്കും മുമ്പ് കൈകാലുകൾ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. മാസ്കും നിർബന്ധമാക്കി. ജീവികൾക്ക് ഭക്ഷണവും വെള്ളവും നൽകുമ്പോഴും അല്ലാത്തപ്പോഴും അവയുമായി ഒരു കാരണവശാലും അടുത്തിടപഴകാൻ പാടില്ല. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന സ്ഥലങ്ങളും അണുവിമുക്തമായിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.കൂടാതെ എല്ലാ കൂടുകളുടെയും പരിസരം ശുചിയായി സൂക്ഷിക്കാനും കൃത്യമായ ഇടവേളകളിൽ അണുനാശിനി ഉപയോഗിച്ച് കൂടും പരിസരവും ശുചീകരിക്കാനും ഡയറക്ടർ ജീവനക്കാരോട് നിർദേശിച്ചു.
കൊവിഡ് വ്യാപനം ഭയന്ന് ഇന്ത്യയിൽ ഏറ്റവും ആദ്യം അടച്ച മൃഗശാലയാണ് തിരുവനന്തപുരത്തേത്. മാർച്ച് 13ന് തന്നെ ഇവിടെ സന്ദർശകരെ ഒഴിവാക്കിയിരുന്നു. മിനിമം ജീവനക്കാരെ നിയോഗിക്കുന്നതുൾപ്പെടെ വൈറൽ ലോഡ് കുറയ്ക്കാനും രോഗത്തിന്റെ സമൂഹ വ്യാപനം തടയാനുമുള്ള നടപടികളാണ് ഇവിടെ ആദ്യം കൈക്കൊണ്ടത്. അമേരിക്കയിൽ കടുവയ്ക്ക് രോഗപകർച്ചയുണ്ടായ പശ്ചാത്തലത്തിൽ കേന്ദ്ര മൃഗശാല അതോറിട്ടിയുടെ നിർദേശപ്രകാരമുള്ള സുരക്ഷാ നടപടികളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. മൃഗങ്ങളുമായുള്ള ഇടപഴകൽ കുറയ്ക്കുന്നതിന്റെ ഭാഗമായി കാമറകൾ ഘടിപ്പിച്ച് അവയെ നിരീക്ഷിക്കാനുള്ള സംവിധാനം ഇവിടെ സജ്ജമാക്കിക്കഴിഞ്ഞു. രണ്ടാഴ്ച കൂടുമ്പോൾ ഇവയുടെ സാമ്പിളുകൾ ലാബുകളിലയച്ച് കൊവിഡ് പരിശോധന നടത്തും.മനുഷ്യക്കടുവ, വെള്ളക്കീരി തുടങ്ങിയ മൃഗങ്ങളെയും സസ്തനി വിഭാഗത്തിൽപ്പെട്ട മറ്റുളളവയേയും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല ഡയറക്ടർ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. തിരുവനന്തപുരത്തോ സംസ്ഥാനത്തോ കൊവിഡ് സമൂഹവ്യാപനത്തിന്റെ സൂചനകളില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡയറക്ടർ വ്യക്തമാക്കി.