pakistan

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് നിയന്ത്രണങ്ങൾ താളംതെറ്റുന്നു. ഡോക്ടർമാർക്ക് രോഗികളെ ചികിത്സിക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങൾ പോലുമില്ലെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഉപകരണങ്ങളില്ലാത്തതിന്റെ പേരിൽ പ്രതിഷേധിച്ച 50തിലധികം ഡോക്ടർമാരെ ക്വറ്റയിൽ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നൂറിലധികംപേരാണ് സർക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്.


പ്രതിഷേധക്കാർ ക്വറ്റയിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇവരെ തടയുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. മാസ്‌കുകൾ, ഗ്ലൗസുകൾ, പി.പി. ഇ കിറ്റുകൾ എന്നിവ ആവശ്യത്തിന് ലഭിക്കാത്തതിനെ തുടർന്നാണ് ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെട്ട പ്രതിഷേധിച്ചത്. രാജ്യത്തുടനീളം സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് ആരോഗ്യപ്രവർത്തകർ ആഴ്ചകളായി രോഗികളെ ചികിത്സിക്കുന്നത്.


ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ സുരക്ഷാ ഉപകരണങ്ങൾ ഉടൻ എത്തിക്കാമെന്ന് അറിയിച്ചെങ്കിലും ഡോക്ടർമാർ പ്രതിഷേധം നടത്തുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്.

രാജ്യത്തെ കൊവിഡ് പ്രതിരോധം കാര്യക്ഷമമല്ലെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. കൊവിഡിനെ നിസാരമായാണ് പാക് അധികൃതർ കണക്കാക്കുന്നത്. രാജ്യത്തെ ജനങ്ങളെ കൊവിഡിനെക്കുറിച്ച് ബോധവത്കരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്. രാജ്യത്തെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഭൂരിപക്ഷത്തിനും കൊവിഡിനെപ്പറ്റി യാതൊരുവിവരവുമില്ല. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കിയേക്കും.