ന്യൂഡൽഹി : നഴ്സുമാർക്ക് കോവിഡ് ബാധിച്ചതോടെ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു. നിലവിലെ രോഗികളെ ചികിത്സിക്കുമെങ്കിലും പുതുതായി രോഗികളെ പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോർട്ട്. അതേസമയം തങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പരാതിയുമായി വൈറസ് ബാധിതരായ നഴ്സുമാർ രംഗത്തെത്തി.സ്വന്തം കൈയിലെ പണംമുടക്കിയാണ് പരിശോധന നടത്തുന്നതെന്നും ആവശ്യത്തിന് ആഹാരംപോലും ലഭിക്കുന്നില്ലെന്നും ചിലർ പറയുന്നു.മൂന്നാം തീയതി നടത്തിയ കോവിഡ് പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്നീട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുമുള്ള സഹായം ലഭിക്കുന്നില്ലെന്നാണ് ചിലർ ആരോപിക്കുന്നത്.
അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും രോഗബാധിതരായ നഴ്സുമാർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന്ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് നഴ്സുമാർക്കും ഡോക്ടർമാർക്കും കോവിഡ് ബാധിക്കാനിടയാക്കിയതെന്നാണ് പ്രധാന ആരോപണം. സുരക്ഷാ ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാൻസർരോഗികളെ മാത്രം ചികിത്സിക്കുന്നതിനാൽ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ആദ്യം അധികൃതരുടെ നിലപാട്. നിരീക്ഷണത്തിൽ കഴിയുന്ന നഴ്സുമാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെത്തുകായിരുന്നു. തുടർന്നാണ് ആശുപത്രി അടച്ചിടാൻ തീ്രുമാനിച്ചത്.