മേരിലാൻഡ് : യു.എസ് മുൻ അറ്റോർണി ജനറലും യു.എസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരനുമായ റോബർട്ട് എഫ്. കെന്നഡിയുടെ കൊച്ചുമകൾ മേവ് കെന്നഡി മകീന്റെ മൃതശരീരം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് 41 കാരിയായ മേവിനെയും 8 വയസുകാരനായ ഗിഡിയനെയും മേരിലാൻഡിലെ ചെസപീക്ക് ബേയിൽ തോണി അപകടത്തിൽ കാണാതായത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 5.31 ഓടെയായിരുന്നു മുങ്ങൽ വിദഗ്ദർ മൃതദേഹം കണ്ടെടുത്തത്.
മേവിന്റെ അമ്മയുടെ വസതിയിൽ നിന്നും 2.5 മൈൽ അകലെ തടാകത്തിൽ 25 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. മേവിന്റെ മകന്റെ മൃതദേഹം ഇതേവരെ കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള തിരച്ചിൽ തുടരുകയാണ്. അമ്മയുടെ വീട്ടിൽ സെൽഫ് ക്വാറന്റീനിൽ കഴിയുകയായിരുന്നു മേവും കുടുംബവും. വീടിനടടുത്തുള്ള തടാകക്കരയിൽ കിക്ക്ബോൾ കളിച്ചുകൊണ്ടിരിക്കവെ ബോൾ വെള്ളത്തിൽ വീഴുകയും അതെടുക്കാനായി മേവും മകനും ചെറു തോണിയിൽ പുറപ്പെടുകയായിരുന്നു. എന്നാൽ ശക്തമായ കാറ്റിൽപ്പെട്ടോ തിരയിൽപ്പെട്ട ഇവരുടെ തോണി മറിയുകയായിരുന്നു എന്നാണ് നിഗമനം. മറിഞ്ഞ നിലയിൽ തോണി വൈകിട്ട് 7 മണിയോടെ കണ്ടെത്തിയിരുന്നു. റോബർട്ട് കെന്നഡിയുടെ മകളും മേരിലാൻഡ് മുൻ ലഫ്റ്റനന്റ് ഗവർണറുമായ കാത്ലീൻ കെന്നഡിയുടെ മകളാണ് അഭിഭാഷകയായ മേവ്. ഡേവിഡ് മകീനാണ് ഭർത്താവ്. ഗബ്രിയേല ( 7 ), ടോബി (2 ) എന്നീ രണ്ട് മക്കൾ കൂടി മേവിനുണ്ട്.