ships-

ലോകത്താകെ 15 ക്രൂയിസ് കപ്പലുകൾ യാത്രക്കാരെ കരയിലിറക്കാൻ കഴിയാതെ കടലിൽ കഴിയുന്നുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് കപ്പലുകൾക്ക് തീരത്തടുക്കാൻ രാജ്യങ്ങൾ അനുമതി നൽകാത്തത്. ക്രൂയിസ് ലൈൻസ് ഇന്റർനാഷണൽ അസോസിയേഷന് കീഴിൽ 38 ക്രൂയിസ് കമ്പനികളുടേതായി 277 കപ്പലുകളാണുള്ളത്. 3.6 ശതമാനം കപ്പലുകൾ ഇപ്പോൾ കടലിലാണ്. അഞ്ച് കപ്പലുകളാണ് തുറമുഖങ്ങളിൽ യാത്രാക്കാരെ ഇറക്കാൻ അനുമതിക്കായി കാത്തുകിടക്കുന്നത്. പ്രമുഖ ക്രൂയിസ് കമ്പനികളായ പി ആൻഡ് ഒ, കുനാർഡ്, കാർണിവൽ, റോയൽ കരീബിയൻ, ഹോളണ്ട് അമേരിക്ക എന്നിവ മേയ് മദ്ധ്യം വരെ കപ്പൽ സർവീസ് നിറുത്തിവച്ചിരിക്കുകയാണ്.

ജപ്പാൻ തീരത്ത് ആഴ്ചകളോളം കിടക്കേണ്ടി വന്ന ഡയമണ്ട് പ്രിൻസസാണ് ഏറ്റവും കടുത്ത കൊവിഡ് ഭീഷണി നേരിട്ട ക്രൂയിസ് കപ്പൽ. യാത്രക്കാരന് ഹോങ്കോംഗിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നണ് ഡയമണ്ട് പ്രിൻസസ് ജപ്പാനിലെ യോകോഹാമ തീരത്ത് തടഞ്ഞുവച്ചത്. ആഴ്ചകളോളമാണ് യാത്രക്കാർക്കും ജീവനക്കാർക്കും കപ്പലിൽ കഴിയേണ്ടി വന്നത്. 712 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11 പേർ മരിച്ചു. പ്രതിസന്ധിക്കൊടുവിൽ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാരെ തീരത്തേക്ക് ഇറങ്ങിത്തുടങ്ങി.

മാർച്ച് ഏഴിന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്നാണ് സാൻഡാം എന്ന കപ്പൽ യാത്ര തുടങ്ങിയത്. മാർച്ച് 21ന് ചിലിയിലെ സാൻ അന്റോണിയോയിലായിരുന്നു യാത്ര അവസാനിക്കേണ്ടത്. യാത്രക്കാരിൽ ചിലർക്ക് പനി കണ്ടു. ഇതോടെ അവരെ ഐസൊലേഷനിലാക്കി. അവരവരുടെ കാബിനുകളിൽ തന്നെയിരിക്കാൻ മുഴുവൻ യാത്രക്കാർക്കും നിർദേശം നൽകി. ചിലിയിലെ പുന്റ അറീനാസിലെത്തിയപ്പോൾ യാത്രാക്കാരെ ഇറക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

റോട്ടർഡാം എന്ന കപ്പൽ സാൻഡാമിനടുത്തെത്തുകയും കൊവിഡ് ടെസ്റ്റ് കിറ്റുകൾ നൽകുകയും ചെയ്തു. നാലുപേരാണ് സാൻഡാമിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സാൻഡാമിൽ 442 യാത്രക്കാരും 603 ജീവനക്കാരുമാണുള്ളത്. റോട്ടർഡാമിൽ 808 യാത്രക്കാരും 583 ജീവനക്കാരുമുണ്ട്. മാർച്ച് 29ന് കപ്പലുകൾക്ക് പാനമ കനാലിലൂടെ പോകാൻ അനുമതി ലഭിച്ചു. ഫ്‌ളോറിഡയിൽ അടുക്കാൻ അനുമതി ലഭിച്ചു. രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധനകൾക്ക് ശേഷം ഇവിടെ ഇറക്കും. രോഗലക്ഷണങ്ങളുള്ളവരും ജീവനക്കാരും കപ്പലിൽ തുടരും.

ചിലിയിൽ നിന്ന് പുറപ്പെട്ട കോറൽ പ്രിൻസസ് ഫ്‌ളോറിഡയിലെ ലൗഡെരഡെൽ തുറമുഖത്ത് എത്തേണ്ടതായിരുന്നു. 1020 യാത്രക്കാരും 878 ജീവനക്കാരുമുള്ള കപ്പലിൽ 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. ഇതോടെ യാത്രക്കാരെ മുഴുവൻ ഐസൊലേഷനിലാക്കിയിരിക്കുകയാണ്.

ക്യൂൻ മേരി 2 എന്ന ആഢംബര കപ്പൽ നിറയെ യാത്രക്കാരുമായാണ് ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ടത്. 113 ദിവസത്തെ ലോക പര്യടനമായിരുന്നു ലക്ഷ്യം. കൊറോണ ഭീതിയിൽ യാത്ര റദ്ദാക്കിയ കപ്പൽ ഓസ്‌ട്രേലിയയിൽ നിന്ന് സതാംപ്ടണിലേക്ക് നീങ്ങുകയാണിപ്പോൾ. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത യാത്രക്കാരെ പെർത്തിൽ ഇറക്കി. 264 പേരാണ് കപ്പലിൽ ശേഷിക്കുന്നത്. ആർക്കും കൊവിഡ് സ്ഥിരീകിച്ചിട്ടില്ല.

87 ദിവസത്തെ ലോകയാത്രയ്ക്കായി വെനീസിൽ നിന്നാണ് കോസ്റ്റ ഡെലിസിയോസ പുറപ്പെട്ടത്. കപ്പലുടമകളായ കാർണിവൽ എല്ലാ ക്രൂയിസ് സർവീസുകളും റദ്ദാക്കാൻ തീരുമാനിച്ചതോടെ കോസ്റ്റയുടെ യാത്രയും നിലച്ചു.