raju

തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ അനുമതിയില്ലാതെ അവധിയെടുത്ത് സംസ്ഥാനം വിട്ട കണ്ണൂർ ഡി.എഫ്. ഒ കെ ശ്രീനിവാസനെതിരെ അച്ചടക്ക നടപടിയുണ്ടാകും. ഇക്കാര്യത്തിലുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും വനം മന്ത്രി കെ രാജു അറിയിച്ചു.

നാലാം തീയതിയാണ് ഭാര്യയ്ക്കും കുട്ടിക്കും അമ്മയ്ക്കുമൊപ്പം ഡി. എഫ്. ഒ അനുമതിയില്ലാതെ സംസ്ഥാനംവിട്ട് തെലങ്കാനയിലേക്ക് പോയത്.ഡി.എഫ്. ഒ അവധി അപേക്ഷ നൽകിയെങ്കിലും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തള്ളിയിരുന്നു. ഇത് വകവയ്ക്കാതെയായിരുന്നു യാത്ര.തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തിൽ വയനാട് ചെക്ക്പോസ്റ്റിൽ തന്റെ സ്വാധീനം ഉപയോഗിച്ച് അതിർത്തി കടന്ന് ബംഗളൂരു വഴി തെലങ്കാനയിലേക്ക് പോവുകയായിരുന്നു. ഉദ്യോഗസ്ഥൻ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കർശന നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നൽകിയത്.

നേരത്തേ ക്വാറന്റൈൻ നിയമം ലംഘിച്ച് അനുമതിയില്ലാതെ നാട്ടിലേക്ക് പോയ കൊല്ലം സബ് കളക്ടർഅനുപം മിശ്രയെ അധികൃതർ സസ്പെൻഡുചെയ്തിരുന്നു. ഇയാളുടെ ഗൺമാനെയും ഡ്രൈവറെയും പിന്നീട് സസ്പെൻഡുചെയ്തു.