പ്രതിസന്ധികളിൽ എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു വ്യക്തിയുടെ മാറ്റ് തിരിച്ചറിയാനുള്ള യഥാർത്ഥ ലിറ്റ്‌മസ് ടെസ്റ്റ്. ഇത് വ്യക്തിക്ക് മാത്രമല്ല സ്ഥാപനങ്ങൾക്കും സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും ബാധകമാണ്. എന്തു നല്ല കാര്യം ചെയ്താലും കുറ്റപ്പെടുത്താൻ ഒന്നും ചെയ്യാത്ത നിരവധി പേർ എന്നും സമൂഹത്തിൽ ഉണ്ടാകും. പക്ഷേ തീവ്രമായ പ്രതിസന്ധിക്കിടയിലും സമൂഹത്തിന് ഗുണകരമായ ബൃഹത്തായ കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയുക എന്നത് തീർച്ചയായും അഭിനന്ദിക്കപ്പെടേണ്ടതാണ്. ഈ അടച്ചിടൽ കാലത്ത് പാവപ്പെട്ടവനെന്നും പണക്കാരനെന്നും ഭേദമില്ലാതെ മാനുഷരെല്ലാവരും ഒന്നുപോലെ വീട്ടിൽ നിന്നിറങ്ങാതെ കഴിയുകയാണ്. ഇതിൽ പാവപ്പെട്ടവർക്ക് അവരുടെ അന്നം മുടങ്ങുമോ എന്ന ഭീതി കൂടുതലായിരിക്കും. കാരണം ഒരാഴ്ചക്കപ്പുറമുള്ള കരുതലൊന്നും അവരുടെ വീട്ടിൽ കാണില്ല. അടച്ചിടൽ ഏതാണ്ട് ഒരാഴ്ച പൂർത്തിയായ ഘട്ടത്തിലാണ് കേരള സർക്കാർ പൊതുവിതരണ ശൃംഖലയിലൂടെ അരി വിതരണം തുടങ്ങിയതും അഞ്ച് ദിവസത്തിനുള്ളിൽ ഏറെക്കുറെ പൂർത്തിയാക്കിയതും.
സംസ്ഥാനത്ത് മൊത്തം 87,28,831 റേഷൻ കാർഡുകളാണ് ഉള്ളത്. ഇതിൽ ഇന്നലെ വരെ 76 ലക്ഷത്തോളം കാർഡുടമകൾ അരി വാങ്ങി. ഇത് ഒരു സർവകാല റെക്കാഡാണ്. അരി വിതരണം ഇപ്പോഴും തുടരുകയാണ്. ഇത് വിജയകരമായി പൂർത്തിയാക്കാൻ അഹോരാത്രം യത്നിച്ചത് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും റേഷൻ കടക്കാരും അവർക്ക് പ്രതിസന്ധി ഘട്ടത്തിൽ ഉറച്ച പിന്തുണയോടെ നേതൃത്വം നൽകിയ ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമനുമാണ്. മന്ത്രി അദ്ദേഹത്തിന്റെ കടമയാണ് നിർവഹിച്ചതെങ്കിലും സൗമ്യനായ ആ വ്യക്തിയുടെ കാര്യപ്രാപ്തിയെ ഈ ഘട്ടത്തിൽ സർവാത്മനാ അഭിനന്ദിക്കാതിരിക്കാനാവില്ല. പ്രളയകാലത്തെ സൗജന്യ അരി വിതരണത്തിൽ നിന്ന് പാഠങ്ങൾ പഠിച്ചത് ഇത്തവണ എല്ലാം ശരിയായി തന്നെ നടത്താനുള്ള പ്രാപ്തി കൈവരിക്കുന്നതിനും ഇടയാക്കി.
കൊവിഡ് വ്യാപനം ഉണ്ടായാൽ ലോക് ഡൗണിലേക്ക് കാര്യങ്ങൾ എത്തുമെന്നും അപ്പോൾ സൗജന്യ അരി വിതരണം വേണ്ടിവരുമെന്നും മുൻകൂട്ടി കണ്ട് കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ ഭക്ഷ്യവകുപ്പിന് കഴിഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായവും ലഭിച്ചു. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം കേന്ദ്രത്തിൽ നിന്ന് നേരത്തേ തന്നെ ഭക്ഷ്യവകുപ്പ് ശേഖരിച്ചു. വേണമെങ്കിൽ ആറുമാസത്തെ വിഹിതം നൽകാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും സംഭരണശാലകളുടെ ശേഷി കണക്കിലെടുത്ത് മൂന്ന് മാസത്തെ സ്റ്റോക്കാണ് സംസ്ഥാനം എടുത്തത്.
സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവരാണ് മഞ്ഞ കാർഡിന്റെ ഉടമകൾ. ഇവരുടെ കുടുംബങ്ങൾ ആറ് ലക്ഷത്തോളം വരും. ഇവർക്ക് ആദ്യം അരി നൽകി. 30 - 35 കിലോ അരി വീതമാണ് ഇവർക്ക് നൽകിയത്. പിന്നീട് വരുന്ന മുൻഗണനാ വിഭാഗം പിങ്ക് കാർഡുകാരാണ്. സാധാരണ ഇവർക്ക് 2 രൂപ കിലോയ്ക്ക് ഈടാക്കിയാണ് അരി നൽകുന്നത്. അത് ഒഴിവാക്കി 15 കിലോ അരി വീതം ഇവർക്കും നൽകി. നീല, വെള്ള കാർഡുടമകൾ മുൻഗണനേതര വിഭാഗക്കാരാണ്. ഇവർ 50 ലക്ഷത്തോളം വരും. ഇവരിൽ റേഷൻ കടയിൽ എത്തിയവർക്കെല്ലാം 15 കിലോ അരി വീതം സൗജന്യമായി നൽകി.
ഇത്തവണ ലഭിച്ച അരി മോശം എന്നാരും പറഞ്ഞില്ല. റേഷൻ അരി വാങ്ങിയ സിനിമാതാരം മണിയൻപിള്ള രാജു വരെ പറഞ്ഞത് 'പാറ്റി വെളുപ്പിച്ചതു പോലുള്ള നല്ല സൂപ്പർ അരി" എന്നാണ്. നല്ല അരി തന്നെ എത്തിക്കാൻ സിവിൽ സപ്ളൈസ് ഓഫീസർമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു പിഴവും പാടില്ലെന്ന് മന്ത്രി അതാത് ജില്ലാ സപ്ളൈ ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര വിഹിതം കൂടാതെ നമ്മുടെ പാടശേഖരങ്ങളിൽ നിന്നും അരിമില്ലുകളിൽ നിന്നും അരി ശേഖരിക്കുകയുണ്ടായി. ഇത്രയും ബൃഹത്തായ ഒരു കാര്യം നടത്തുമ്പോൾ ഒറ്റപ്പെട്ട അല്ലറ ചില്ലറ വീഴ്ചകൾ ചിലയിടത്ത് ഉണ്ടാകുക സ്വാഭാവികമാണ്. ചിലയിടത്ത് തർക്കങ്ങളുണ്ടായി. മറ്റ് ചില സ്ഥലങ്ങളിൽ അരി വിതരണം കുറച്ച് നേരത്തേക്ക് മുടങ്ങുകയും മറ്റും ഉണ്ടായി. ഇവിടെയെല്ലാം പൊതുവിതരണ വകുപ്പ് യഥാസമയം ഇടപെടുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. മാത്രമല്ല അരി വിതരണത്തിൽ കുറവ് വരുത്തിയ 53 റേഷൻ കടകൾക്കെതിരെ കേസും എടുത്തു. ഇതോടെ ജനത്തിന് വിശ്വാസം ഇരട്ടിച്ചു. കാർഡുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുള്ള റേഷൻ കടയിൽ നിന്നും അരി വാങ്ങാം എന്ന നിലയിൽ നേരത്തെ റേഷൻ നിയമം പരിഷ്കരിച്ചത് ഏറ്റവും ഗുണം ചെയ്തത് ഈ അടച്ചിടൽ കാലത്താണ്. ഇങ്ങനെ ആളുകൾ എത്തിയതോടെ ചില റേഷൻ കടകളിൽ സ്റ്റോക്ക് തീർന്നുപോയതാണ് ആകെ ഉണ്ടായ പ്രശ്നം.
അരി വിതരണം തുടങ്ങുമ്പോൾ ആളുകൾ കൂട്ടത്തോടെ വരുമെന്നും സാമൂഹ്യ അകലം പാലിക്കൽ പൊളിയുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ കാർഡ് നമ്പർ അനുസരിച്ച് ഘട്ടം ഘട്ടമായി വിതരണം ചെയ്യാനുള്ള സമയക്രമം കൃത്യമായി നടപ്പാക്കിയതോടെ ഒരു ആൾക്കൂട്ടവുമില്ലാതെ അരി വിതരണം സാമൂഹിക അകലം പാലിച്ചുകൊണ്ട് നടപ്പാക്കാനായതാണ് ഏറ്റവും സ്തുത്യർഹം. കാർഡില്ലാത്തവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും അരി നൽകുവാൻ പ്രത്യേക സംവിധാനങ്ങൾ നിയമവലയുടെ കുരുക്കൾ പൊട്ടിച്ചുകൊണ്ട് നടപ്പാക്കിയതും എടുത്തു പറയേണ്ടതാണ്. പലവ്യഞ്ജന കിറ്റുകൾ നൽകാൻ ഭക്ഷ്യവകുപ്പ് തയ്യാറെടുപ്പുകൾ നടത്തിവരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ സന്ദർഭത്തിനൊത്തുയർന്ന് പ്രവർത്തിച്ച ഭക്ഷ്യവകുപ്പിന് അഭിമാനിക്കാം.