rahul

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്ത്യ നീക്കിയതിനെ ശക്തമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ത്യ എല്ലാവരേയും സഹായിക്കണം. എന്നാൽ ജീവൻ രക്ഷാ മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് ലഭിക്കണമെന്നും രാഹുൽ പറഞ്ഞു. മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ ഭീഷണിയേയും രാഹുൽ പരിഹസിച്ചു.

പ്രിയപ്പെട്ട സുഹൃത്തുക്കൾക്കിടയിൽ പ്രതികാരം തോന്നുമോയെന്നായിരുന്നു രാഹുൽ ചോദിച്ചത്. പ്രധാനമന്ത്രി മോദി പ്രിയപ്പെട്ട സുഹൃത്താണെന്ന് ട്രംപ് നേരത്തേ പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം. കൊവിഡിനെ പ്രതിരോധിക്കാൻ മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിൻ അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലെങ്കിൽ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇതിനുശേഷം മരുന്നുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കുകയായിരുന്നു.

കൊവിഡ് രോഗികൾക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾപ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ്‌ എടുത്തുമാറ്റിയത്. നിയന്ത്രണം പൂർണമായും നീക്കിയിട്ടില്ലെന്നും നിലവിൽ അമേരിക്കയിൽ നിന്നുള്ള ഓർഡറുകൾ ക്ലിയർ ചെയ്യും. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ തുടർന്നുള്ള മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയുള്ളൂവെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.