റിയാദ്: സൗദി അറേബ്യയിൽ പുതുതായി 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,752 ആയി. രോഗബാധിതരിൽ 2,163 പേർ ചികിത്സയിലാണ്. 38 പേർ മരിച്ചു. 551 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച മാത്രം 203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
റിയാദ്, ദമാം, ജിദ്ദ ഉൾപ്പെടെ രാജ്യത്തിെന്റെ ഒട്ടുമിക്ക മേഖലകളിലും മുഴുവൻ സമയത്തേക്ക് കർഫ്യൂ നീട്ടി. രാവിലെ ആറിനും ഉച്ചയ്ക്ക് ശേഷം മൂന്നിനും ഇടയിൽ ആഹാരം, ചികിത്സ എന്നീ ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം. ഈ സമയത്ത് ഡ്രൈവറെ കൂടാതെ ഒരാൾക്ക് കൂടി ഈ പറഞ്ഞ ആവശ്യങ്ങൾക്ക് മാത്രം വാഹനത്തിൽ സഞ്ചരിക്കാം. നിരോധനാജ്ഞ നിലവിലുള്ള ഒരു പ്രദേശം വിട്ടും ആർക്കും പുറത്തുപോകാനാവില്ല. പുറത്തുള്ളവർക്ക് ഈ ഭാഗങ്ങളിലേക്ക് പ്രവേശിക്കാനുമാവില്ല. അത്യാവശ്യ സേവന മേഖലകളെ മാത്രം നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയിൽ മുൻദിവസങ്ങളെ പോലെ തന്നെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളും ബഖാലകളും റസ്‌റ്റോറന്റുകളും തുറന്നിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 3വരെ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ആളുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങുന്നുമുണ്ട്. അനാവശ്യമായി വാഹനങ്ങൾ ഓടുന്നതും ജനങ്ങൾ നിരത്തിലിറങ്ങുന്നതും തടയാൻ സുരക്ഷാ വിഭാഗങ്ങൾ രംഗത്തുണ്ട്.