ലണ്ടൻ: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെന്റ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ വെന്റിലേറ്റർ സഹായം തേടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസമാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ശ്വസനോപകരണത്തിെന്റ സഹായം ബോറിസ് ജോൺസന് നൽകുന്നുണ്ട്. വൈകാതെ പൂർണമായ വെന്റിലേറ്റർ സഹായം വരുമെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ മെഡിക്കൽ ഇമേജിംഗ് പ്രൊഫസർ ഡെറക് ഹിൽ പറഞ്ഞു. പത്ത് ദിവസമായി ഐസൊലേഷനിൽ കഴിയുകയായിരുന്ന ജോൺസനെ രണ്ടാംഘട്ട കൊവിഡ് പരിശോധനയ്ക്കായാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാർച്ച് 27നാണ് കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്. തുടർന്ന് അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. പത്ത് ദിവസമായി തുടർച്ചയായി അദ്ദേഹത്തിന് വൈറസ് രോഗലക്ഷണങ്ങളുണ്ടെന്നും അധികൃതർ അറിയിച്ചു.