na

ദുബായ്: സാമൂഹ്യപ്രവർത്തകരുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തിങ്കളാഴ്ചയാണ് അയാളുടെ സന്ദേശം എത്തിയത്. ചുവന്ന ടീഷർട്ടിലുള്ള സെൽഫിയിൽ അയാളുടെ ശബ്ദസന്ദേശം. ''കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഇവിടെ അഡ്മിറ്റായി....'' നസീർ വാടാനപ്പള്ളി എന്ന ദുബായിലെ പ്രശസ്തനായ സാമൂഹ്യ പ്രവർത്തകന്റെ സന്ദേശമായിരുന്നു അത്.

എട്ടും പത്തും പേർ ഒന്നിച്ചുകഴിയുന്ന ആയിരക്കണക്കിന് ഫ്ളാറ്റുകളിലാണ് ദുബായിൽ പ്രവാസികളുടെ ജീവിതം. മിക്കവാറും മലയാളികൾ. എന്തുചെയ്യണമെന്നറിയാതെ, പനിയും ചുമയുമായി നിന്ന നിരവധി പേർ, ലക്ഷണമൊന്നും കാണിക്കാത്തവർ. അവർക്കിടയിലേക്ക് നസീർ വാടാനപ്പള്ളി കടന്നുചെന്നു. സഹായ ഹസ്തവുമായി. കൂടെ ഏതാനും സന്നദ്ധപ്രവർത്തകരും. മെഡിക്കൽ ക്യാമ്പ് നടത്താനും രോഗികളെ മാറ്റിപ്പാർപ്പിക്കാനും നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണമെത്തിക്കാനുമെല്ലാം മുന്നിൽ നിന്നതാണ് നസീർ. അയാളാണ് ഇപ്പോൾ രോഗക്കിടക്കയിൽ! സോഷ്യൽ മീഡിയയിൽ നസീറിന് വേണ്ടിയുള്ള പ്രാർത്ഥന നിറയുകയാണ്. ഭായി എത്രയും വേഗം സുഖംപ്രാപിച്ചുവരൂ....എത്രയോ പേർക്ക് തുണയായ മനുഷ്യനെയാണ് കൊവിഡ് പിടിച്ചിട്ടിരിക്കുന്നത്.

ആശുപത്രിയിൽ കിടന്നുകൊണ്ട് വാട്സാപ്പിലൂടെ അദ്ദേഹം പറയുന്നു, ''എല്ലാവരും വീട്ടിൽ ഇരിക്കൂ, എല്ലാവരും വീട്ടിൽ ഇരിക്കൂ...ഇത് വല്ലാത്ത സമയമാണ്. ചെറുതായികാണല്ലേ...നിങ്ങൾ വീട്ടിൽ ഇരിക്കൂ...''

കൊവിഡ് രോഗികളുമായുള്ള സഹവാസത്തിലായതിനാൽ കുടുംബം നിൽക്കുന്ന വീട്ടിലേക്ക് പോകാതെ സുരക്ഷിതത്വം പാലിക്കാനായി ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു നസീർ.

വിവിധ കെട്ടിടങ്ങളിൽ നിന്ന് ധാരാളം പേരെ ആശുപത്രികളിലും നിരീക്ഷണ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് പിന്നിൽ നിന്നതാണ് നസീർ വാടാനപ്പള്ളി. കെ.എം.സി.സി, ഇൻകാസ്, അക്കാഫ് പോലുള്ള സംഘടനകളുടെ പ്രവർത്തകർകൂടി വോളണ്ടിയർമാരായി ചേർന്നപ്പോൾ അതൊരു ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. അതിൻെറ തലവനെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.

യു.എ.ഇ യിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടത് അടച്ചുപൂട്ടിയ നയിഫ്, ദേര മേഖല ഉൾപ്പെട്ട അൽ റാസ് മേഖലയിലെ ഒട്ടേറെ കെട്ടിടങ്ങളിൽ പരിശോധനകൾ നടന്നതിനാലാണ്. ഇതിനായി മുന്നിട്ടിറങ്ങിയ നസീർ വാടാനപ്പള്ളിയുടെ പ്രവർത്തനങ്ങളെ ദുബായ് ആരോഗ്യവകുപ്പും ഏറെ താത്പര്യത്തോടെയാണ് കണ്ടത്. അങ്ങനെ ഓടി നടന്ന നസീർ ഓടാനാവാതെ ആശുപത്രി കിടക്കയിലാണ്. കൊവിഡ് എന്ന മഹാമാരി നസീറിനെ അടിച്ചിട്ടിരിക്കുന്നു. അത് ദുബായിലെ പ്രവാസികളുടെയും സ്വദേശികളുടെയും ചങ്ക് പൊളളിക്കുകയാണ്.