റാബത്ത്: മൊറോക്കോയിൽ മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവർക്ക് പിടിവീഴും. ഫേസ് മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവർക്ക് ഇനി മുതൽ മൂന്ന് മാസം വരെ ജയിൽ ശിക്ഷ ലഭിക്കാം. 1,300 ദിർഹം വരെ പിഴയും ഈടാക്കും. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിലെത്തി. രാജ്യത്ത് രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാർച്ച് 19 മുതൽ മൊറോക്കോയിൽ ആരോഗ്യ അടിയന്തരാസ്ഥ തുടരുകയാണ്. മൊറോക്കോയിൽ ഇതേവരെ 1,120 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 80 പേർ മരിക്കുകയും ചെയ്‌തു. രാജ്യത്ത് ഒരു യൂണിറ്റിന് 0.8 ദിർഹം നിരക്കിൽ ഫേസ് മാസ്‌കുകൾ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ദിനംപ്രതി മൂന്ന് ദശലക്ഷം മാസ്‌കുകളാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. അടുത്താഴ്‌ച മുതൽ ഇത് ആറ് ദശലക്ഷമാക്കി ഇരട്ടിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.