'തിരുവനന്തപുരം: മുൻ യു.ഡി.എഫ് സർക്കാർ തുടങ്ങി വച്ച കാസർകോട് ഗവ. മെഡിക്കൽ കോളേജാശുപത്രി ഇടതുസർക്കാർ പൂർത്തീകരിച്ചിരുന്നെങ്കിൽ ലോക്ഡൗൺ കാലത്ത് ചികിത്സ കിട്ടാതെ പത്ത് ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
മെഡിക്കൽ കോളേജ് കെട്ടിടം കഴിഞ്ഞ സർക്കാർ പൂർത്തീകരിച്ചതാണ്. ആശുപത്രി നിർമാണമാണ് ബാക്കിയുണ്ടായിരുന്നത്. മതിയായ ഫണ്ടുമുണ്ടായിരുന്നു. 2018ലെങ്കിലും നിർമ്മാണം പൂർത്തിയാക്കാമായിരുന്നുവെന്ന് ഇന്ദിരാഭവനിൽ വാർത്താസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പറഞ്ഞു. വേറൊരു ജില്ലയ്ക്കുമില്ലാത്ത പോരായ്മകളുള്ളതിനാലാണ് യു.ഡി.എഫ് കാസർകോട് ജില്ലയുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷനെ വച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഏത് ചികിത്സയ്ക്കും അവിടത്തുകാർക്ക് മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്നതും എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സാപ്രശ്നങ്ങളും കണക്കിലെടുത്താണ് കാസർകോട് മെഡിക്കൽകോളേജിന് മുൻതൂക്കം നൽകിയത്. അന്നത്തെ സർക്കാർ അധികാരമൊഴിയും മുമ്പ് കോളേജ് കെട്ടിടവും പൂർത്തിയാക്കി. ആശുപത്രി കൂടി പൂർത്തിയായിരുന്നെങ്കിൽ, കേരളം ഇന്ത്യക്ക് മോഡലെന്ന് പറഞ്ഞിട്ട് ഇങ്ങോട്ട് വരുന്നതെന്തിനാണെന്ന പരിഹാസം മംഗലാപുരത്തെ നേതാക്കളിൽ നിന്ന് കേൾക്കില്ലായിരുന്നു. .