കടയ്ക്കാവൂർ: ലോക്ക്ഡൗൺ ദിനങ്ങളിൽ പരമാവധി ചിത്രങ്ങൾ വരച്ച് ആസ്വദിക്കുകയാണ് നിലയ്ക്കാമുക്ക് സ്വദേശി അരുൺ എന്ന ചിത്രകാരൻ. തിരുവനന്തപുരം ലളിതകലാ അക്കാഡമിയിലും കായിക്കര ആശാൻ സ്മാരക ഹാളിൽ നടന്ന ആശാൻ ജന്മ ദിനാഘോഷ പരിപാടിയിലും ചിത്രപ്രദർശനങ്ങൾ നടത്തി പല പ്രമുഖരുടെയും പ്രശംസ നേടിയ കലാകാരനാണ് അരുൺ. കൂടുതലും കറുത്ത പേന ഉപയോഗിച്ച് മനുഷ്യനും പ്രകൃതിയും എന്ന ആശയത്തെ ആസ്പദമാക്കിയുളള ചിത്രങ്ങളാണ് വരച്ച് പ്രദർശിപ്പിക്കുന്നത്. കറുത്തമഷിയുളള പേന ഉപയോഗിച്ചു വരക്കുന്നതിനാൽ ഏറെ ശ്രദ്ധ വേണ്ടിവരുന്ന ചിത്രങ്ങളാണ് പലതും. ചെറിയ പിശക് വന്നാൽ തിരുത്താൻ കഴിയില്ല. കാരിക്കേച്ചർ, പോർട്രയിറ്റ്, പെൻസിൽ ഡ്രോയിംഗ്, ഡൂഡിൽ ആർട്ട്, ചുവർചിത്ര രചന എന്നിവയും അരുൺ ചെയ്യുന്നുണ്ട്. പലവ്യക്തികളും വീടിനുളളിലെ ചുവരുകളിൽ ചിത്രങ്ങൾ വരക്കുന്നതിനും വിവാഹ, ജന്മദിന സമ്മാനങ്ങളായി നൽകാനുളള ചിത്രങ്ങൾക്കും അരുണിനെ സമീപിക്കുന്നുണ്ട്. എന്നാൽ ലോക്ക് ഡൗണായതോടെ മുഴുവൻ സമയവും ഫേസ് ബുക്ക് വഴി ലഭിച്ച പോർട്രയിറ്റ് ചിത്രങ്ങൾ വരക്കുന്ന തിരക്കിലാണ് അരുൺ ഇപ്പോൾ. കഴിഞ്ഞമാസം കോട്ടയത്ത് നടത്താനിരുന്ന ചിത്ര പ്രദർശനം കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. നിലയ്ക്കാമുക്കിലെ അപ്പു - രമ ദമ്പതികളുടെ മകനാണ് അരുൺ.