kudumbasree

കിളിമാനൂർ: കൊവിഡ് കാലത്ത് അഗതി കുടുംബങ്ങൾക്ക് കുടുംബശ്രീ കൈത്താങ്ങാകുന്നു. കുടുംബശ്രീയുടെ ആശ്രയ പദ്ധതി പ്രകാരമാണ് നിരാലംബരായവർക്ക് പ്രത്യേക കരുതൽ നൽകുന്നത്. അഗതി കുടുംബാംഗങ്ങളെ സർവേ പ്രകാരം കുടുംബശ്രീ കണ്ടെത്തി അവർക്കുള്ള വിവിധ സേവനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നൽകുകയാണ് ചെയ്യുന്നത്. ജില്ലയിലെ അഗതികളിൽ 65 ശതമാനം പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരായതിനാൽ ഇവർക്ക്

പ്രത്യേക കരുതൽ നൽകണമെന്ന ചിന്തയിൽ നിന്നാണ് കുടുംബശ്രീ ഈ ആശയം ആവിഷ്‌കരിച്ചത്. രോഗ പ്രതിരോധശേഷി കുറഞ്ഞതിനാലും മറ്റ് അസുഖങ്ങളുള്ളതിനാലും ഇവർക്ക് കൊവിഡ് വൈറസ് ബാധയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

ഓരോ കുടുംബത്തിനും നേരിട്ട് കരുതൽ നൽകാൻ കുടുംബശ്രീ എപ്പോഴും കൂടെയുണ്ട് എന്ന സന്ദേശം പകർന്ന് ആത്മവിശ്വാസം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ഈ പദ്ധതി വഴി അഗതി കുടുംബങ്ങളെ ആദ്യത്തെ തവണ ഫോൺ വഴി ബന്ധപ്പെടുന്നതിനുള്ള നടപടികൾ തുടരുകയാണ്. പദ്ധതിക്കായി ജില്ലാ പ്രോഗ്രാം മാനേജർമാരുടെ കീഴിൽ ഓരോ 50 കുടുംബത്തിനും ഒരാൾ എന്ന രീതിയിൽ റിസോഴ്‌സ് പേഴ്‌സൺമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. വാർദ്ധക്യത്തിന്റെ വിരസതയും, കഷ്ടതകളും, സാമ്പത്തിക ബുദ്ധിമുട്ടുമൊക്കെയായി ആശ്രയമറ്റിരിക്കുമ്പോൾ സഹായത്തിനായി വിളിപ്പുറത്ത് കുടുംബശ്രീ കൂടി ഉണ്ടെന്നറിഞ്ഞ ആശ്വാസത്തിലും സന്തോഷത്തിലുമാണ് അഗതികൾ.

ഏകോപനം ഫോണിലൂടെ

റിസോഴ്‌സ് പേഴ്‌സൺമാർ അഗതികുടുംബങ്ങളിലുള്ളവരെ മൂന്ന് ദിവസത്തിലൊരിക്കൽ ഫോൺ വിളിച്ച് അവരുടെ ആരോഗ്യകാര്യങ്ങളും ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങളും അന്വേഷിച്ച് അറിയും. പനി, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ഡോക്ടറുടെ സേവനത്തിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കും. ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചണുകൾ വഴി പരിഹാരം കാണും. പ്രായമായവർ പ്രത്യേകമായി കൈക്കൊള്ളേണ്ട കരുതലിനെക്കുറിച്ചും വീട്ടിൽത്തന്നെയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നൽകും.

ആശ്രയമായി 'ആശ്രയ" പദ്ധതി

നിരാലംബർ, അവശർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾ, പെൺമക്കൾ മാത്രമുള്ള പാവപ്പെട്ട വൃദ്ധർ എന്നിവരെ സഹായിക്കുന്ന കുടുംബശ്രീ പദ്ധതിയാണ് ആശ്രയ. കൊവിഡ് പശ്ചാത്തലത്തിൽ പിന്നാക്കം നിൽക്കുന്ന വൃദ്ധർക്ക് വേണ്ടി പ്രവർത്തിക്കുന്നു. വീടുകളിൽ പോകാതെ തന്നെ ഫോൺ വഴി അഗതികളുടെ ആവശ്യം മനസിലാക്കി, സന്നദ്ധ പ്രവർത്തകർ വഴി സഹായം എത്തിക്കുന്നു.