കിളിമാനൂർ: കുട്ടികൾക്കായി ഏഴ് വർഷം മുൻപ് ' ഒരു മഹാ പ്രസ്ഥാനത്തിന്റെ കഥ ' എന്ന പേരിൽ 2012 വരെയുള്ള കോൺഗ്രസിന്റെ ചരിത്രമെഴുതുമ്പോൾ അടിയുറച്ച കോൺഗ്രസുകാരനായ പി. സൊണാൾജിന് അത് അഭിമാനത്തിന്റെ നിമിഷമായിരുന്നു. 1885ലെ തുടക്കം മുതൽ 2012 ലെ യു.പി.എ സർക്കാരിന്റെ കാലഘട്ടം വരെയുള്ള കോൺഗ്രസിന്റെ ചരിത്രമാണ് ലളിതമായ ഭാഷയിൽ സൊണാൾജ് എഴുതിയത്. അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയാണ് പുസ്‌തകത്തിന് ആമുഖമെഴുതിയത്. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയായിരുന്നു പ്രസാധകർ.

പാർട്ടി വേദികളിൽ നല്ലരീതിയിൽ വിറ്റഴിഞ്ഞ പുസ്‌തകം ശ്രദ്ധേയമായതോടെ തുടർ ചരിത്രവും എഴുതണമെന്ന ആവശ്യവുമായി പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സാരഥികൾ സൊണാൾജിനെ സമീപിച്ചു. എന്നാൽ തിരക്കുകൾ കാരണം രചന മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാലം പുസ്‌തക രചനയ്‌ക്ക് സൊണാൾജിന് ഊർജമാകുകയായിരുന്നു. എന്നാൽ 2012ന് ശേഷമുള്ള കോൺഗ്രസ് ചരിത്രം രചിക്കുമ്പോൾ തന്റെ പ്രസ്ഥാനത്തിന് നേരിടേണ്ടിവന്ന തിരിച്ചടികളുടെ വേദനയും സൊണാൾജിനുണ്ട്. കെ.പി.സി.സിയുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയായ ഇദ്ദേഹം ഡി.സി.സി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ മുഖ്യ പ്രഭാഷകരിൽ ഒരാളുമാണ്. കിളിമാനൂർ നെല്ലിക്കാട്ടിൽ കുടുംബാംഗമായ സൊണാൾജ് എസ്.എൻ ട്രസ്റ്റ് മുൻ ആർ.ഡി.സി മെമ്പറും സജീവ ശ്രീനാരായണീയ പ്രവർത്തകനുമാണ്. ഗുരുദേവനെക്കുറിച്ചുള്ള ഒരു പുസ്‌തകത്തിന്റെ രചനയിലാണ് സൊണാൾജ്. കേരളകൗമുദി റീഡേഴ്സ് ക്ലബ് കിളിമാനൂർ യൂണിറ്റ് സ്ഥാപക പ്രസിഡന്റാണ്. അദ്ധ്യാപികയായ രജിരാജാണ് ഭാര്യ. വിദ്യാർത്ഥികളായ സോനു, സന്തു എന്നിവർ മക്കളാണ്.